Saturday, April 27, 2024
spot_img

ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം; കേരളത്തിൽ ആദ്യമായി അഞ്ചാമതും അതിരുദ്രമഹായജ്ഞം! 1500 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന അതിഗംഭീരം ഘോഷയാത്ര,നാളെ മുതൽ മാർച്ച് 8 വരെ; തത്സമയ ദൃശ്യങ്ങളുമായി തത്വമയി!

നെയ്യാറ്റിൻകര: വിശ്വപ്രസിദ്ധമായതും ക്ഷേത്ര ചൈതന്യത്തിന് 5000 വർഷത്തോളം പഴക്കമുള്ളതുമായ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോത്സവവും അഞ്ചാമത് അതിരുദ്ര മഹായജ്ഞവും നാളെ മുതൽ ആരംഭിക്കും. 14 ദിവസം നീണ്ടുനിൽക്കുന്ന അതിഗംഭീരമായ ഉത്സവം മാർച്ച് 8ന് സമാപിക്കും. വിവിധ പൂജാദി കർമ്മങ്ങളോടുകൂടി പൂർവാധികം ഭംഗിയായി മഹാശിവരാത്രി മഹോത്സവം ആഘോഷിക്കുന്ന ക്ഷേത്രത്തിൽ കേരളത്തിൽ ആദ്യമായി അഞ്ചാമത് അതിരുദ്രമഹാജ്ഞവും നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

സർവ്വചരാചരങ്ങളുടെയും പരമ പിതാവും പ്രപഞ്ചനാഥനുമായ ഉമാമഹേശ്വരനെ പ്രീതിപ്പെടുത്തുവാനുള്ള അതിശ്രേഷ്ഠമായ മഹാമന്ത്രമാണ് ചതുർവേദങ്ങളിൽ യജുർവേദത്തിലെ ശ്രീരുദ്ര മഹാമന്ത്രം. മഹാദേവനെ പ്രസാദിപ്പിക്കുന്നതിലേക്കായി ബ്രഹ്മാവ് വളരെ കാലത്തെ തപസ്സിനുശേഷം ബ്രഹ്മ ദേവന്റെ ആജ്ഞാപ്രകാരം അഘോര ഋഷിയാൽ നിർമിച്ചതാണ് ശ്രീരുദ്ര മഹാമന്ത്രം.

ഈ പുണ്യകർമ്മം 1984 ൽ കേരളത്തിൽ ആദ്യമായി തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും 1998ൽ മമ്മിയൂരും 2000ൽ പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലും 2018 ലും 2019 ലും 2020 ലും 2023ലും മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിലും അതിരുദ്രങ്ങൾ നടന്നു. ഇപ്പോൾ ഇതാ ഈ അത്യുന്നത പുണ്യകർമ്മം കേരളത്തിൽ തന്നെ ആദ്യമായി അഞ്ചാമത് 2024 ഫെബ്രുവരി 25–ാം തിയതി മുതൽ മാർച്ച് 6-ാം തിയതി വരെ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിധ്യത്താലും തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ, ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റി അവർകളുടെ മേൽനോട്ടത്തിലും യജ്ഞാചാര്യൻ ബ്രഹ്മശ്രീ വീരമണി വാദ്ധ്യാരുടെ മുഖ്യകാർമികത്വത്തിലുമാണ് അതിരുദ്രമഹായജ്ഞം നടക്കുന്നത്.

ശിവരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിനമായ നാളെ രാവിലെ 4:30ന് പള്ളി ഉണർത്തലോട് കൂടിയാണ് പൂജകൾക്ക് തുടക്കമാകുന്നത്. അതിനുശേഷം നിർമ്മാല്യദർശനം, തുടർന്ന് അഭിഷേകം, മഹാഗണപതിഹോമം, കോടിയർച്ചന പൂജാ, ദീപാരാധന, ഉച്ചപൂജ, പ്രസാദ വിതരണം തുടങ്ങിയവ നടക്കും. വൈകുന്നേരം 5:30നാണ് അതിപ്രശസ്തമായ അതിരുദ്ര യജ്ഞശാലയിൽ ഭദ്രദീപം തെളിയിക്കുന്ന ചടങ്ങ് നടക്കുക. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയാണ് ദീപം തെളിയിക്കുന്നത്. ബ്രഹ്മശ്രീ സ്വാമി മഹേശ്വരാനന്ദ സരസ്വതി, ബ്രഹ്മശ്രീ സാന്ത്രാനന്ദ സ്വാമികൾ, വീരമണി വാധ്യാർ തുടങ്ങിയവർ ചടങ്ങിൽ പങ്കുചേരും. സന്ധ്യയ്ക്ക് ദീപക്കാഴ്ചയോടുകൂടി പരിപാടികൾക്ക് തുടക്കമാകും.

രണ്ടാം ദിനമായ ഫെബ്രുവരി 25 മുതൽ പന്ത്രണ്ടാം ദിനമായ മാർച്ച് 6 വരെ പതിവ് പൂജകളും അതിരുദ്രമഹാജ്ഞവും ഉണ്ടായിരിക്കും. തുടർന്ന് സന്ധ്യയോടുകൂടി മറ്റ് പരിപാടികളും ഉണ്ടായിരിക്കും.
പതിമൂന്നാം ദിനമായ മാർച്ച് ഏഴിനാണ് ഭക്തജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗംഭീരമായ തിരു ആറാട്ട് ഘോഷയാത്രയും നടക്കുന്നത്. പതിവ് പൂജകൾക്ക് ശേഷം 4.30നാണ് തിരുവാറാട്ട് ആരംഭിക്കുന്നത്. കാഞ്ഞിരം മൂട്ടുകടവിൽ നിന്നും ഗംഭീരമായ ഘോഷയാത്ര താലപ്പൊലി, പഞ്ചാരിമേളം, ശിങ്കാരിമേളം, നെയ്യാണ്ടിമേളം, തമ്പോല, പാണ്ടിമേളം, ബട്ടർഫ്ലൈ ഡാൻസ്, കിവി ഡാൻസ്, കഥകളി, ഹനുമാൻ വേഷങ്ങൾ, വിവിധയിനം ഫ്ളോട്ടുകൾ, മെഗാ കളരിപ്പയറ്റ് തുടങ്ങി 1500 ൽ പരം കലാകാരന്മാർ ഉൾപ്പെടെ ആരംഭിക്കും.

ഉത്സവത്തിന്റെ അവസാന ദിനമായ ശിവരാത്രി ദിനത്തിൽ പതിവ് പൂജകൾക്ക് ശേഷം കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്ന് വൈകുന്നേരം 6 മുതൽ കലാനിധി ശ്രീ മഹേശ്വരത്തപ്പൻ പുരസ്കാര സമർപ്പണവും ഉണ്ടായിരിക്കും. ശിവരാത്രി മഹോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാനാകുന്നതാണ്. ഇതിനായി https://bit.ly/3ZsU9qm ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

Related Articles

Latest Articles