തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വിശ്വാസം നേടാന്‍ സി.പി.എം വീണ്ടും രംഗത്ത്. ശബരിമലയില്‍ പോകുന്ന ഭക്തരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം കമ്മ്യൂണിസ്റ്റുകാര്‍ക്കായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എന്‍.എസ്.എസ് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണു കോടിയേരിയുടെ പ്രഖ്യാപനം. ശബരിമലയില്‍ പോകുന്നവരെല്ലാം കോണ്‍ഗ്രസുകാരാണന്നാണ് ചിലരുടെ ധാരണ. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശബരിമല സന്ദര്‍ശിച്ചപ്പോള്‍, ലാല്‍സലാം വിളിച്ചാണ് അവിടെയുളളവര്‍ തന്നെ അഭിവാദ്യം ചെയ്തതെന്ന് കോടിയേരി പറഞ്ഞു. മതവും ജാതിയും പറഞ്ഞു യുഡിഎഫ് വോട്ട് പിടിക്കുകയാണ്. വര്‍ഗീയധ്രുവീകരണത്തിനാണ് അവരുടെ ശ്രമമെന്നും കോടിയേരി.
അരൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ മതപരമായ ധ്രുവീകരണത്തിന് രമേശ് ചെന്നിത്തല ശ്രമിക്കുകയാണ്. ഹിന്ദുമത വിശ്വാസി ആയ ശങ്കര്‍ റെയെ തോല്‍പ്പിക്കണം എന്നാണ് കാസര്‍കോട്ട് യുഡിഎഫിന്റെ പ്രചാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് ഇടതു സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ അവിശ്വാസി ആണെന്നായിരുന്നു. ഇരട്ടാത്താപ്പാണ് കോണ്‍ഗ്രസിന്. കൂടത്തായി കേസ് തെളിയിച്ച പൊലീസിന് വേണ്ടി അരൂരില്‍ മനു സി. പുളിക്കലിനെ വിജയിപ്പിക്കണം കൂടത്തായിയിലെ കൊടുംകുറ്റവാളിയെ പിടികൂടിയത് ഇടതുസര്‍ക്കാരാണെന്നും കോടിയേരി അവകാശപ്പെട്ടു.

