പാലക്കാട്: സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് പീഡനത്തിലെ പ്രതി പ്രകാശന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയെ ഉടൻ ഡി എൻ എ പരിശോധനക്ക് വിധേയനാക്കും. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായി എന്ന പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ, യുവതി പൊലീസിന് നൽകിയ ആദ്യത്തെ മൊഴിയിൽ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.

മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്ത് ശ്രീഹരി വീട്ടിൽ ഹരിപ്രസാദിന്‍റെ വീടിന് പിന്നിൽ ഉപേഷിച്ച രീതിയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയിരുന്നു. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ സ്ഥലത്തെത്തി കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രസവിച്ച് 24 മണിക്കൂർ മാത്രമായിരുന്നു കുഞ്ഞിന് പ്രായം. ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്.

ചൈൽഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെ ചിത്രം മാറി.

താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നൽകി. സിപിഎം പോഷകസംഘടനാ പ്രവർത്തകയായിരിക്കെ അതേ സംഘടനയിൽപ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാൾ പ്രണയം നടിച്ച് പാര്‍ട്ടി ഓഫീസില്‍ പീഡിപ്പിച്ചെന്നാണ് പരാതി.
ഇതോടെ ആരോപണവിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തി. പിന്നീട് യുവാവിനെ ചോദ്യം ചെയ്യലായിരുന്നു അടുത്ത പടി. സ്ഥലത്തെ ഒരു വർക് ഷോപ്പ് തൊഴിലാളിയാണ് യുവാവ്. യുവതിയുടെ വീട്ടിൽ താൻ പോയിട്ടുണ്ടെന്ന് യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ മൊഴി നൽകി.