തിരുവനന്തപുരം ∙ ഒരേ നേതാവിന‌് പലവിധ ചുമതലകളെന്ന അസാധാരണ സാഹചര്യം കൊണ്ട് കൂടി കോടിയേരി ബാലകൃഷ്ണന്റെ അവധി ഇടതുകേന്ദ്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. താൽക്കാലിക ചുമതല നൽകിയ എ.വിജയരാഘവന്‍ ഇടതുമുന്നണി കണ്‍വീനറും പാര്‍ട്ടി പ്രചാരണ വിഭാഗത്തിന്റെ ചുമതലക്കാരനുമാണ്. സിപിഎം സംഘടനാ സംവിധാനത്തിലെ സമുന്നത പദവിയിലേക്ക് കൂടിയാണ് വിജയരാഘവന്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കൂന്നത്.
ഒരു പിബി അംഗവും 11 കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാനത്ത് ഇരിക്കെയാണ് അപ്രതീക്ഷിതമായി വിജയരാഘവന്‍ സെക്രട്ടറിയുടെ ചുമതലയിലേക്കെത്തുന്നത്. കഴിഞ്ഞ വട്ടം കോടിയേരിയുടെ ചികിത്സാസമയത്ത് പാര്‍ട്ടി സെന്റര്‍ സംഘടനാ നടത്തിപ്പ് ഏറ്റെടുത്തപ്പോൾ എം.വി.ഗോവിന്ദനായിരുന്നു കാര്യങ്ങളുടെ ഏകോപനം. ഏറ്റവും സീനിയര്‍ സിസി അംഗമെന്ന അംഗീകാരം ഇ.പി ജയരാജനുള്ളതാണ്. രണ്ടു പേരും കണ്ണൂര്‍ ജില്ലക്കാര്‍.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കണ്ണൂര്‍ ജില്ലക്കാരായിരുന്ന സംവിധാനം മാറി ഒരു സമീപ ജില്ലക്കാരന്‍ കടന്നുവന്നിരിക്കയാണിപ്പോള്‍. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ എക്കാലവും കണ്ണൂരിലെന്ന കാഴ്ചപ്പാട് മാറുമ്പോള്‍ വിജയരാഘവനനേക്കാളും സീനിയറായ നേതാക്കള്‍ സിപിഎം സംഘടനാ ചട്ടക്കൂടിനും അച്ചടക്കത്തിനും വിധേയരാവും. പിണറായിയും കോടിയേരിയും കഴിഞ്ഞാലുള്ള പിബി അംഗം എം.എ.ബേബിയേയും തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തില്ല.
കോടിയേരിയും ഒഴിയുമ്പോള്‍ പിണറായിയെന്ന ഏകമുഖത്തിലേക്ക് സംസ്ഥാനത്തെ പാര്‍ട്ടി പരുവപ്പെടും. വിഎസ് ഒഴിവായ പിബി അംഗത്വം വിജയരാഘവനെ തേടിയെത്തുന്ന സാധ്യതയും തുറക്കപ്പെടുന്നു. അടുത്ത വര്‍ഷം പകുതിയോടെ പാകപ്പെട്ടേക്കാവുന്ന സാധ്യതയാണിത്. സിപിഎമ്മില്‍ സംഘടനയാണ് വലുത്. സംഘടനയിലെ സ്ഥാനക്കയറ്റം നഷ്ടപ്പെടുന്ന സാഹചര്യം സഖാക്കള്‍ക്ക് ഉള്ളിലൊതുക്കുന്ന വേദന. വിജയരാഘവനേക്കാള്‍ അര്‍ഹതയുണ്ടെന്ന് കരുതുന്ന കണ്ണൂര്‍ നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെങ്കില്‍ പ്രത്യേകിച്ചും. അപ്പോഴും തെക്കന്‍ കേരളത്തില്‍ നിന്നൊരു പാര്‍ട്ടി സെക്രട്ടറിയെന്ന വിശേഷണം തൽക്കാലം വിഎസിന് മാത്രമാവും.

