Saturday, September 26, 2026

ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ അൻവറിനെതിരെ പ്രകടനവുമായി സിപിഎം പ്രവർത്തകർ ! നിലമ്പൂരിൽ കോലം കത്തിച്ചു; എടവണ്ണയിൽ കൊലവിളി മുദ്രാവാക്യം

നിലമ്പൂര്‍: പി വി അന്‍വറിനെതിരെ നിലമ്പൂർ ടൗണിലും എടക്കരയിലും സിപിഎം പ്രതിഷേധം. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം.

നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു.അൻവറിന്റെ വീട് സ്ഥിതിചെയ്യുന്ന എടവണ്ണയിലും ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു. എടവണ്ണയിലെ പ്രകടത്തിൽ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും ഉയര്‍ന്നു. നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടുമെന്നും പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായമെന്നുമുള്ള കൊലവിളി നടത്തികൊണ്ടാണ് പ്രകടനം.

അന്‍വര്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയത്. സിപിഎമ്മുമായി അന്‍വറിന് ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles