Sunday, December 21, 2025

വധഗൂഢാലോചനാ കേസ്; സംവിധായകൻ നാദിർഷായെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: വധഗൂഢാലോചനാ കേസിൽ നടനും സംവിധായകനുമായ നാദിർഷായെ ചോദ്യം ചെയ്ത് (Nadirsha Interrogation By Crime Branch) ക്രൈം ബ്രാഞ്ച്. മൂന്ന് മണിക്കൂറാണ് നാദിർഷായെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് പങ്കുവച്ചിരുന്നോ എന്നാണ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് വിവരം.

ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപിന് അനുകൂലമായി നേരത്തെ ഫേസ്ബുക്കിലൂടെയടക്കം നാദിർഷ പ്രതികരിച്ചിരുന്നു. അതോടൊപ്പം ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. അതേസമയം കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം.

Related Articles

Latest Articles