Monday, May 6, 2024
spot_img

മോന്‍സന്‍റെ സാമ്പത്തിക ഇടപാടുകള്‍ അറിഞ്ഞിരുന്നു? അനിത പുല്ലയിലിനെ വിദേശത്ത് നിന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്; കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന് സൂചന

തിരുവനന്തപുരം: പ്രവാസി മലയാളി അനിത പുല്ലയിലിനെ (Anitha Pullayil) ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യംചെയ്യും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ച് വരുത്തുന്നത്. അതോടൊപ്പം ഇവരുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും.

എന്നാൽ മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ബെഹ്റയ്ക്ക് (Loknath Behera) പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ മുന്‍പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പോലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനിരയായവർ ഇനിയും ഒരുപാട് പേരുണ്ടെന്നും, മോൻസനിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസനെ സംശയിക്കാൻ തുടങ്ങിയതെന്നും ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആരാണ് അനിത പുല്ലയിൽ ?

ഇറ്റലിയിലെ റോമിൽ കഴിയുന്ന തൃശൂർ സ്വദേശിനിയാണ് അനിത പുല്ലയിൽ. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അനിത പുല്ലയിൽ. കഴിഞ്ഞ മൂന്ന് വർഷമായി മോൻസൻ മാവുങ്കലിനെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ അറിയാമെന്ന് അനിത ഒരു മാധ്യമത്തോട് പറഞ്ഞു. മോൻസന്റെ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും താൻ ആകൃഷ്ടയായിട്ടുണ്ടെന്ന് അനിത പറഞ്ഞു. എന്നാൽ മോൻസന്റെ ചില പെരുമാറ്റങ്ങൾ തന്നിൽ സംശയം ജനിപ്പിച്ചിരുന്നുവെന്ന് അനിത പറയുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് അനിത. പ്രവാസി മലയാളി സംഘടനയിലേക്ക് അനിത എത്തുന്നതിന് മുൻപ് തന്നെ മോൻസൻ സംഘടനയുടെ ഭാഗമായിരുന്നു. സംഘടനയിലെ പ്രവർത്തകരാണ് അനിതയ്ക്ക് മോൻസനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എന്നാൽ വളരെ വൈകിയാണ് മോൻസണിനുള്ളിലെ തട്ടിപ്പുകാരനെ കുറിച്ച് അനിത അറിയുന്നത്. മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നതിനിടെയാണ് ലോക്‌നാഥ് ബെഹ്ര ഡോക്ടറെ ഒന്ന് കരുതണമെന്നും, സൂക്ഷിക്കണമെന്നും അനിത പുല്ലയിലിനോട് പറഞ്ഞിട്ടുണ്ട്.

മോൻസനെ കുറിച്ച് കേട്ട കാര്യങ്ങളെല്ലാം താൻ മോൻസനോട് നേരിട്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ ചോദ്യങ്ങളിൽ നിന്ന് മോൻസൻ ഒഴിഞ്ഞുമാറുകയായിരുന്നു. പലയാളുകളിൽ നിന്നും മോൻസൻ പണം തട്ടിച്ചിട്ടുണ്ടെന്ന കാര്യം അനിത അറിയുന്നത് വളരെ വൈകിയാണ്. നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന യാക്കൂബ്, ഷെമീർ അടക്കമുള്ള ആറംഗ സംഘത്തെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചതും ഇവരാണെന്നും, പരാതിപ്പെടാൻ തയാറുള്ളവരുടെ ഒപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും പണം നഷ്ടപ്പെട്ട പലരും മുന്നോട്ട് വരാൻ തയാറായില്ലെന്നും അനിത പറയുന്നു. ഈ വിഷയങ്ങളിൽ പലതും തനിക്ക് അറിയാമാിരുന്നിട്ടും മാധ്യമങ്ങളുമായി പങ്കുവയ്ക്കാനോ, പോലീസിൽ പരാതിപ്പെടാനോ ഉള്ള സാഹചര്യം ഇല്ലായിരുന്നുവെന്നും അനിത പുല്ലയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles