Wednesday, January 7, 2026

ആരെയും അറിയിക്കാതെയുള്ള വിദേശയാത്രകള്‍!!രാഹുൽ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് സിആർപിഎഫ് ! മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനങ്ങളില്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ യെല്ലോ ബുക്കില്‍ പരാമര്‍ശിച്ചിട്ടുള്ള ചട്ടങ്ങള്‍ രാഹുൽ ലംഘിക്കുകയാണെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ മാസം ബിഹാറിലെ ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ രാഹുല്‍ ഗാന്ധിയെ ഒരാള്‍ അപ്രതീക്ഷിതമായി മുറുകെ കെട്ടിപ്പിടിക്കുകയും തോളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. ബൈക്കിലായിരുന്ന രാഹുല്‍ വാഹനം നിയന്ത്രിക്കാന്‍ പാടുപെട്ടപ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറിയ ആളുടെ മേല്‍ ചാടിവീഴുകയും അയാളെ തള്ളിമാറ്റുകയും ചെയ്തു. ഇത് വിവാദമായതിന് പിന്നാലെയാണ് സിആര്‍പിഎഫ് കത്തയച്ചത്. ഈ വിഷയം സുരക്ഷയെ സംബന്ധിച്ച് അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും പ്രത്യേക കത്ത് നല്‍കിയിട്ടുണ്ട്.

ഇത്തരം വീഴ്ചകള്‍ വിവിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തുമെന്നും രാഹുലിനെ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും കത്തില്‍ സിആര്‍പിഎഫ് ചൂണ്ടിക്കാട്ടി. ഇറ്റലി, വിയറ്റ്‌നാം, ദുബായ്, ഖത്തര്‍, ലണ്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രകളെ സിആര്‍പിഎഫ് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ആരെയും അറിയിക്കാതെ’ വിദേശയാത്രകള്‍ നടത്തുന്നു എന്നും അദ്ദേഹം സുരക്ഷയെ ‘ഗൗരവമായി’ കാണുന്നില്ലെന്നും സിആര്‍പിഎഫ് വിവിഐപി സുരക്ഷാ മേധാവി സുനില്‍ ജൂണ്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്ക് നിലവില്‍ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണ്‍ (ASL) ഉള്‍പ്പെടെയുള്ള Z പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. കാര്യമായ സുരക്ഷാ ഭീഷണിയുള്ള വ്യക്തികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയാണ് സെഡ് പ്ലസ് ASL. കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏകദേശം 55 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണ്‍ പ്രകാരം, സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലയിലുള്ള വിഐപി സന്ദര്‍ശിക്കാനിരിക്കുന്ന സ്ഥലത്ത് പ്രാദേശിക പോലീസിന്റെയും രഹസ്യന്വേഷണ ഏജന്‍സികളുടെയും സഹകരണത്തോടെ മുന്‍കൂട്ടി നിരീക്ഷണം നടത്താറുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷയെ സംബന്ധിച്ച് സിആര്‍പിഎഫ് കത്തെഴുതുന്നത് ഇത് ആദ്യമായല്ല. 2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി 2022-ല്‍ സിആര്‍പിഎഫ് അറിയിച്ചിരുന്നു.

Related Articles

Latest Articles