Friday, May 17, 2024
spot_img

പാഠ്യപദ്ധതി പരിഷ്‌കരണം !അടുത്ത അദ്ധ്യയന വർഷം മുതൽ 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറും ! എല്ലാ പുസ്തകങ്ങളിലും ആമുഖമായി ഭരണഘടന ഉൾപ്പെടുത്തും ; മാറുന്നത് 10 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പാഠപുസ്തകങ്ങൾ

തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി അടുത്ത അദ്ധ്യയന വർഷം മുതൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ മാറ്റം വരും. പുതുതായി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ക്ക് ഇന്ന് ചേര്‍ന്ന സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. 10 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പാഠപുസ്തകങ്ങളാണ് മാറുന്നത്.

2007-ല്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്. കഴിഞ്ഞ 16 വര്‍ഷമായി അറിവിന്റെ തലത്തില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ പാഠ്യ പദ്ധതിയും പുസ്തകങ്ങളും തയ്യാറാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതല്‍ കലാ വിദ്യാഭ്യാസം തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകും. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും.

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേര്‍ത്തിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിര്‍ദ്ദേശംവെച്ചപ്രകാരം പോക്സോ നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. ടൂറിസം, കൃഷി, ഐ.റ്റി., ടെക്സ്‌റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തി അഞ്ച് മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താന്‍ ഇത് ഉപകരിക്കും. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്.

Related Articles

Latest Articles