Friday, May 3, 2024
spot_img

എ കെ ജി സെന്റർ ആക്രമണം; പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും; തെളിവെടുപ്പ് പൂർത്തിയായില്ല; കൂടുതൽ പ്രതികളുണ്ടോ എന്നതിൽ അന്വേഷണ സംഘത്തിന് ഇനിയും വ്യക്തതയില്ല

തിരുവനന്തപുരം: എ കെ ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ തെളിവെടുപ്പ് പൂർത്തിയാക്കാതെ അന്വേഷണ സംഘം. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. അതിനിടെ കേസിൽ കൂടുതൽ പ്രതികളുണ്ടാകാനും കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കോടതിയിൽ ഹാജരാക്കുന്ന വേളയിൽ പ്രതിയാക്കപ്പെട്ട തിരുവനന്തപുരം മൺവിള സ്വദേശി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ താൻ നിരപരാധിയാണെന്ന് മാദ്ധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു. ജിതിനാണ് എ.കെ.ജി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഏറെ വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്. പോലീസിന്റെ മൂക്കിന് തുമ്പത്ത് ഭരണകക്ഷിയുടെ ആസ്ഥാനമായ എ കെ ജി സെന്ററിൽ നടന്ന ആക്രമണത്തിൽ പ്രതിയെ പിടിക്കാൻ വൈകുന്നതിൽ ആഭ്യന്തര വകുപ്പും പോലീസും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പോലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസില്‍ യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ചുവന്ന ഡിയോ സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്‌. തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.

Related Articles

Latest Articles