കൊച്ചി: സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തിലും സൈബർ ആക്രമണത്തിലും യൂട്യൂബര്‍ കെ എം ഷാജഹാന്റെ വീട്ടില്‍ റെയ്ഡ്. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പോലീസുമാണ് തിരുവനന്തപുരം ഒന്പല്ലൂരിലെ വീട്ടിലെത്തി പരിശോധന നടത്തുന്നു. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകി. ഷാജഹാന്റെ ഐഫോൺ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് സംഘം വീട്ടിലെത്തിയത്.
കേസിലെ മൂന്നാം പ്രതിയൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിന്റെ മലപ്പുറത്തെ വീട്ടിലും ഇന്ന് പരിശോധന നടത്തിയിരുന്നു. ഇയാള്‍ വിദേശത്താണെന്നാണ് വിവരം. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കൈമാറും.
സിപിഎം എംഎൽഎയെ വനിതാ നേതാവിന്റെ വീട്ടിൽവെച്ച് ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി എന്ന തരത്തിൽ ഒരു പത്രത്തിൽ വന്ന വാർത്തയോട് ചേർത്ത് വെച്ചാണ് ഷൈനിന അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകളാണ് ഇവ പ്രചരിപ്പിച്ചത്. ഷൈനെതിരെയുള്ള അപവാദ പ്രചരണത്തിന് പിന്നിൽ കോൺഗ്രസാണെന്നും സൈബർ ആക്രമണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രതികരണം

