Sunday, June 16, 2024
spot_img

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി.ആർ.അനിൽ രാജിവയ്ക്കും ;കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലെത്തി . കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് സിപിഎം അറിയിച്ചു. തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് സിപിഎം തീരുമാനമെടുത്തത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെന്ന സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. മേയർക്കെതിരെ അന്വേഷണം തുടരുമെന്നും എം.ബി.രാജേഷ് യോഗത്തിൽ വ്യക്തമാക്കി. ഇതോടെ, കോർപറേഷനു മുന്നിലെ സമരങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഡിഎഫ്, ബിജെപി നേതൃത്വം അറിയിച്ചു.

എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായാണ് ഡി.ആർ.അനിൽ ശുപാർശ കത്തു നൽകിയത്. കത്ത് പുറത്തായതോടെ എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ചതോടെ കത്ത് എഴുതിയതായും പിന്നീട് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചതായും അനിൽ മൊഴി കൊടുത്തു. മേയറാകട്ടെ, തനിക്ക്‌ എഴുതിയതായി പറയപ്പെടുന്ന കത്ത് കണ്ടിട്ടില്ലെന്നും നിലപാടെടുത്തു. ഇതിനിടെ മേയർ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്തായതോടെ ബിജെപിയും കോൺഗ്രസും കോർപറേഷനു മുന്നിൽ സമരം തുടങ്ങി. രണ്ടു മാസമായി തുടരുന്ന സമരത്തിൽ സേവന പ്രവർത്തനങ്ങൾ തടസപ്പെട്ടതോടെയാണ് സർക്കാർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചത്.

Related Articles

Latest Articles