Wednesday, October 21, 2026

“പപ്പാ… എന്നെ രക്ഷിക്കൂ”: കൺമുന്നിൽ ഏക മകൻ മുങ്ങിത്താഴുന്നത് നോക്കിനിൽക്കേണ്ടി വന്ന പിതാവ്; നോയിഡയിൽ ടെക്കിക്ക് ദാരുണാന്ത്യം

നോയിഡ: മൂടൽ മഞ്ഞിൽ നിയന്ത്രണം വിട്ട കാർ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വെള്ളം നിറഞ്ഞ ബേസ്‌മെന്റിലേക്ക് മറിഞ്ഞ് 27 വയസ്സുകാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡ സെക്ടർ 150-ൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. ഗുരുഗ്രാമിലെ ‘ഡൺഹംബി ഇന്ത്യ’യിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവരാജ് മെഹ്തയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ യുവരാജ് പിതാവിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നുവെങ്കിലും, മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ ജീവൻ രക്ഷിക്കാനായില്ല.

ജോലി കഴിഞ്ഞ് ഗുരുഗ്രാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവരാജ്. വീടിന് കേവലം 500 മീറ്റർ മാത്രം അകലെ വെച്ച് മൂടൽമഞ്ഞ് കാരണം കാഴ്ച തടസ്സപ്പെടുകയും കാർ നിയന്ത്രണം വിട്ട് ഓവുചാലിന്റെ ഭിത്തി തകർത്ത് 30 അടി താഴ്ചയുള്ള ബേസ്‌മെന്റിലെ വെള്ളക്കെട്ടിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ കാറിന് മുകളിൽ കയറി നിന്ന യുവരാജ് തന്റെ മൊബൈൽ ടോർച്ച് തെളിയിച്ച് രക്ഷാപ്രവർത്തകർക്കായി സിഗ്നൽ നൽകുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ പിതാവ് രാജ്കുമാർ മെഹ്തയും പോലീസും സ്ഥലത്തെത്തിയെങ്കിലും കൊടും തണുപ്പും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി.

വെള്ളത്തിനടിയിൽ നിർമ്മാണത്തിലിരിക്കുന്ന പില്ലറുകൾ ഉള്ളതിനാലും വെള്ളത്തിലെ അതിശക്തമായ തണുപ്പ് കാരണവും ആദ്യമെത്തിയ രക്ഷാപ്രവർത്തകർ വെള്ളത്തിൽ ഇറങ്ങാൻ മടിച്ചു. പുലർച്ചെ 1:45-ഓടെ യുവരാജ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. പിന്നീട് ഗാസിയാബാദിൽ നിന്ന് എൻഡിആർഎഫ് (NDRF) സംഘം എത്തി നടത്തിയ തിരച്ചിലിനൊടുവിൽ യുവരാജിനെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

നോയിഡ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് യുവരാജിന്റെ പിതാവ് ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് ആവശ്യത്തിന് ബാരിക്കേഡുകളോ റിഫ്ലക്ടറുകളോ ഉണ്ടായിരുന്നില്ലെന്നും അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്ബിഐയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജ്കുമാർ മെഹ്ത. യുവരാജിന്റെ അമ്മ രണ്ട് വർഷം മുൻപാണ് മരിച്ചത്. ഏക മകന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ് ഈ കുടുംബം.

Related Articles

Latest Articles