തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. സംഭവത്തിൽ കന്‍റോണ്‍മെന്‍റ് എസിപി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കണം. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനെതിരായാണ് ആരോപണമുയർന്നിരിക്കുന്നത്. നെടുമങ്ങാട് സ്വദേശിനി ബിന്ദുവാണ് പരാതിക്കാരി.
കഴിഞ്ഞ 23നാണ് നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു ആരോപിക്കുന്നത്. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടിൽ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞു വരുമ്പോഴാണ് പോലീസ് ബിന്ദുവിനെ വിളിപ്പിച്ചത്. തുടർന്ന് മാനസികമായി പീഡിപ്പിച്ചെന്നും ബിന്ദു പറഞ്ഞിരുന്നു.
ക്രൂരതയാണ് തന്നോട് പോലീസ് കാണിച്ചതെന്നും ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
‘മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത്. തനിക്ക് സഹിക്കാൻ പറ്റാത്ത അപമാനമാണ് ഉണ്ടായത്. എല്ലാ പോലീസുകാരും തന്നെ കള്ളിയാക്കാനാണ് ശ്രമിച്ചത്. ഈ പോലീസുകാരെ വെറുതെ വിടരുത്. തനിക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാതെയായി.ഈ പ്രശ്നം കാരണം മറ്റ് ജോലികൾ കിട്ടാൻ ബുദ്ധിമുട്ടാകുകയാണ്.”- ബിന്ദു പറഞ്ഞു.

