Thursday, January 8, 2026

അണക്കെട്ടുകളുടെ സുരക്ഷയ്ക്കും മേൽനോട്ടത്തിനും ഇനി മുതൽ പ്രത്യേക സമിതി; ഡാം സുരക്ഷാ ബിൽ പാസാക്കി രാജ്യസഭ

ദില്ലി: ഡാം സുരക്ഷാ ബിൽ പാസാക്കി രാജ്യസഭ. ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടാകും.

നേരത്തെ ലോക്സഭ ബില്ല് പാസാക്കിയിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.

പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്‍റെ പരിധിയിൽ വരിക.

ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകൾ ഉൾപ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാകും.

മുല്ലപ്പെരിയാര്‍ തൽക്കാലം സുപ്രിംകോടതി മേൽനോട്ടത്തിൽ തുടരുമെങ്കിലും ഭാവിയിൽ ഡാം സുരക്ഷാ നിയമത്തിന്‍റെ പരിധിയിലേക്ക് തന്നെ വരാനാണ് സാധ്യത.

അതേസമയം ബിജെഡി, അണ്ണാ ഡിഎംകെ പാര്‍ട്ടികൾ ബില്ലിനെ എതിര്‍ത്തു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമന്ന പ്രതിപക്ഷ പ്രമേയവും തള്ളി.

Related Articles

Latest Articles