വയനാട് ചൂരൽമലയെയും മുണ്ടക്കൈയെയും തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിൽ മരണസംഖ്യ 179 ആയി ഉയർന്നിരിക്കുകയാണ്. മിനിട്ടുകൾ കഴിയുന്തോറും വീണ്ടും മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്. ദുരന്തമുഖത്ത് പെയ്തിറങ്ങുന്ന അതിശക്ത മഴ കാരണം രക്ഷാപ്രവർത്തനത്തിനൊപ്പം കണ്ടെടുത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മൃതദേഹങ്ങൾ എങ്ങനെ സംസ്കരിക്കും എന്ന ആശങ്കയിലായിരുന്നു മരണപ്പെട്ടവരുടെ ബന്ധുക്കളും. സേവാഭാരതിയുടെ മൊബൈൽ മൃതദേഹ സംസ്കരണ സംവിധാനം ആയ ചിതാഗ്നി ചൂരൽമലയിൽ പ്രവർത്തനസജ്ജമായതോടെ ആശങ്കൾക്ക് ഒരു പരിധി വരെ പരിഹാരമായിരിക്കുകയാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് അടുത്ത ബന്ധുക്കളും പ്രിയപ്പെട്ടവരും മരണപ്പെട്ടാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്കരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൃതദേഹം ദഹിപ്പിക്കാൻ ചിത ഒരുക്കുക ഏറെക്കുറെ അസാധ്യമായ അനവധി പേരുണ്ട്. പരിമിതമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന് ആവശ്യത്തിന് മുറ്റം പോലും ഇല്ലാത്ത സാഹചര്യത്തിൽ അവിടെ തന്നെ ആചാര പ്രകാരം ചിത ഒരുക്കുക കഷ്ടമാണ്. ഈ സാഹചര്യങ്ങളിലെല്ലാം ജനത്തിന് ഏറെ ആശ്വാസമായിരുന്നു “ചിതാഗ്നി”.
മൊബൈൽ ക്രിമേഷൻ യൂണിറ്റ് പൂർണ്ണമായും എൽപിജിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണ്. ഏകദേശം 2 മണിക്കൂർ കൊണ്ട് ശവസംസ്കാരം പൂർത്തിയാക്കാൻ കഴിയും. ചൂരൽമലയിൽ ഈ സംവിധാനം പ്രവർത്തന സജ്ജമാക്കിയ സേവാഭാരതിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.


