Saturday, May 18, 2024
spot_img

പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരായ വധഭീഷണി സന്ദേശം !മാപ്പ് ചോദിച്ച് റാഫി പുതിയകടവ്; സൗഹൃദ സംഭാഷണത്തിനിടെ വീൽചെയര്‍ പരാമര്‍ശം തമാശയായി പറഞ്ഞതാണെന്നും മുസ്ലിം ലീഗ് പ്രവർത്തകൻ

മലപ്പുറം : പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരായ വധഭീഷണി സന്ദേശവും തുടർന്നുള്ള വിവാദങ്ങളും ചൂട് പിടിക്കുന്നതിനിടെ സംഭവത്തിൽ മാപ്പ് ചോദിച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവ് . സംഭവത്തിൽ മുഈന്‍ അലി തങ്ങള്‍ നൽകിയ പരാതിയിൽ മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

“തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീൽചെയര്‍ പരാമര്‍ശം. അത് തമാശയായി പറഞ്ഞതാണ്. ഫോൺ സംഭാഷണം മുഈൻ അലി തങ്ങൾ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നു. മുഈൻ അലി തങ്ങൾ തനിക്കെതിരെ നൽകിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം തങ്ങളെ നേരിൽക്കാണുമെന്നും തങ്ങളുമായി നല്ല ബന്ധമാണ് ഇപ്പോഴും.” – റാഫി പുതിയകടവ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് മുഈന്‍ അലി തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്ദ സന്ദേശങ്ങളെത്തിയത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ ശബ്ദസന്ദേശത്തില്‍ സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വില്‍ ചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണുളളത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള രണ്ടാമത്തെ സന്ദേശത്തിൽ കൃത്യമായ വധഭീഷണിയാണുള്ളത്.

ലീഗ് ഹൗസില്‍ 2021 ഓഗസ്റ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രിക ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വമര്‍ശനം ഉന്നയിച്ച മുഈന്‍ അലി തങ്ങൾക്കെതിരെ റാഫി പുതിയ കടവില്‍ ലീഗ് ഹൗസില്‍ വച്ചു തന്നെ പ്രതിഷേധിക്കുകയും അസഭ്യം പറയുകയും ചെയ്തത് വലിയ വിവാദമായിരുന്നു.

അടുത്ത കാലത്തായി സമസ്തയിലെ ലീഗ് വിരുദ്ധരുമായും ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടവരുമായും അടുപ്പം പുലര്‍ത്തിയിരുന്നു. എംഎസ്എഫ് മലപ്പുറത്ത് നടത്തിയ ചടങ്ങിനിടെ പാണക്കാട് കുടുംബത്തിന്‍റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തോട് പരിഹാസ രൂപേണ പ്രതികരിച്ചതാകാം ഷാഫിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

Related Articles

Latest Articles