Friday, May 24, 2024
spot_img

ശ്രീരാമ പട്ടാഭിഷേകത്തിന് മണിക്കൂറുകൾ മാത്രം ബാക്കി !സർവ്വ സജ്ജയായി അയോദ്ധ്യ ! നഗരത്തിൽ ഒരുങ്ങുന്നത് രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങൾ ! സുരക്ഷയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും

അയോദ്ധ്യ : ശ്രീ രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പഴുതടച്ച സുരക്ഷാ സന്നാഹത്തിൽ അയോദ്ധ്യ നഗരം.ഉത്തർപ്രദേശ് പോലീസും കേന്ദ്രസേനകളുമാണ് നഗരത്തിന് സുരക്ഷയൊരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ്- കായികതാരങ്ങളുമടക്കം 8000 അതിഥികളാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേരിട്ട് സാക്ഷികളാകുക.നാളെ ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്. സുരക്ഷാ പ്രശ്നങ്ങൾ കാരണം നാളെ അതിഥികൾ ഒഴികെയുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. തൊട്ടടുത്ത ദിവസം ക്ഷേത്രം ഭക്ത ജനങ്ങൾക്കായി തുറന്ന് കൊടുക്കും.

13,000 സേനാം​ഗങ്ങൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്ര​ദേശ് പോലീസ് തേടിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 10,000 സിസിടിവികൾ ന​ഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനവും പ്രദേശത്ത് സജ്ജമാണ്. രാസപദാർഥങ്ങൾ ഉപയോ​ഗിച്ചുള്ള ആക്രമണങ്ങളടക്കം തടയുന്നതിനും ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടുന്നതിനുമായി ദുരന്തനിവാരണസേനയുംരംഗത്തുണ്ട്.‌‌ പ്രാണപ്രതിഷ്ഠ കഴിഞ്ഞാലും വൻജനത്തിരക്ക് കുറയുന്നതുവരെ ദുരന്തനിവാരണസേന അയോദ്ധ്യയിൽ തുടരും.

റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥരും നഗരത്തിന്റെ പല സ്ഥലങ്ങളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. സരയൂ നദിയിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അയോദ്ധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

അനുമതിയില്ലാത്ത വാഹനങ്ങൾ നഗരത്തിലേക്ക് കടത്തിവിടുന്നില്ല. നേരത്തേ അയോദ്ധ്യയിലെത്തിയ, അനുമതിയില്ലാത്ത വാഹനങ്ങൾ റോഡിലിറക്കാനും അനുവദിക്കുന്നില്ല.ക്ഷണം ലഭിക്കാത്തവർക്ക് മുറികൾ നൽകേണ്ടതില്ലെന്ന് ഹോട്ടലുകൾക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. ഇക്കാര്യം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തി.ദില്ലിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ സുരക്ഷയുറപ്പാക്കാൻ ഉപയോഗിച്ച് ഹസ്മത് (ഹസാർഡസ് മെറ്റീരിയൽ) വാഹനങ്ങളും നഗരത്തിലെത്തിച്ചു.

Related Articles

Latest Articles