Monday, May 20, 2024
spot_img

തമിഴ്‌നാട്ടിൽ നിർണ്ണായക രാഷ്ട്രീയ നീക്കം! നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ; എഐഎഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടേക്കും; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് !തെന്നിന്ത്യയിലെ ഏറ്റവും വലിയ ആരാധക സംഘടനയ്ക്ക് രാഷ്ട്രീയ പാർട്ടിയായി പരിണാമം സംഭവിക്കുമ്പോൾ പിഴുതെറിയപ്പെടുക ഡിഎംകെയുടെ ഏകാധിപത്യവും എംകെ സ്റ്റാലിന്റെ മുഖ്യമന്ത്രി കസേരയും !

ചെന്നൈ :ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ നിർണ്ണായക രാഷ്ട്രീയ നീക്കം നടന്നേക്കുമെന്ന് സൂചന. തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആരാധകരുടെ കൂട്ടായ്മ യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നാണ് ലഭിക്കുന്ന സൂചന.വിജയ് ആരാധകരുടെ സംഘടനയിലേക്ക് കൂടുതൽ ആൾക്കാരെചേർക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇത് രാഷ്ട്രീയ പാർട്ടി രൂപീകരണം ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നത്. സന്നദ്ധപ്രവർത്തനങ്ങൾക്കൊപ്പം വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രൂപീകരിക്കുന്ന പക്ഷം രാഷ്ട്രീയ പാർട്ടി ഒരു മാസത്തിനുളളിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്‌തേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് എന്നതിനുമപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടിക്ക് താൽപര്യം. 2026ലാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഈയക്കം തീരുമാനിച്ചിരുന്നു. സൗജന്യ ട്യൂഷൻ സെന്റുറുകൾ, വായനശാലകൾ, ക്ലിനിക്കുകൾ, നിയമസഹായ കേന്ദ്രങ്ങൾ എന്നിവ സംഘടന ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.

തമിഴ്നാട്ടിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് അതേ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നില്ല.

നേരത്തേ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള നീക്കം നടത്തിയിരുന്നു എങ്കിലും അവസാന നിമിഷം അതിൽ നിന്ന് പിന്മാറിയിരുന്നു. കമലഹാസൻ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും വേണ്ടത്ര ജനപിന്തുണ നേടാൻ സാധിച്ചില്ല. എഐഎഡിഎംകെ ശക്തി ക്ഷയിച്ചതിനാൽ ഡിഎംകെയുടെ ഏകാധിപത്യ സമാന ഭരണമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. എഐഎഡിഎംകെയോടൊപ്പം സഖ്യമുണ്ടാക്കാനാണ് വിജയ് പദ്ധതിയിടുന്നതെന്നാണ് വിവരം. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധക സംഘടനയ്ക്ക് രാഷ്ട്രീയ പാർട്ടിയായി പരിണാമം സംഭവിച്ചാൽ ഡിഎംകെയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മുഖ്യമന്ത്രി കസേരയും പിഴുതെറിയപ്പെടുക തന്നെ ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിടുക വഴി സംസ്ഥാന രാഷ്ട്രീയം തന്നെയാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്,

Related Articles

Latest Articles