Saturday, May 18, 2024
spot_img

ഡീപ് ഫേക്ക് ! ഐടി നിയമങ്ങൾക്കനുസൃതമായി വ്യവസ്ഥകൾ രൂപീകരിക്കാൻ സമൂഹ മാദ്ധ്യമ കമ്പനികൾക്ക് ഏഴ് ദിവസം സമയം നൽകി കേന്ദ്ര സർക്കാർ

ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളില്‍ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. വിഷയത്തിൽ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക ഓഫീസറെ ഉടന്‍ നിയമിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഐടി നിയമങ്ങള്‍ക്കനുസൃതമായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ സമൂഹ മാദ്ധ്യമ കമ്പനികൾക്ക് ഏഴ് ദിവസം സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

“സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഒരു വെബ്‌സൈറ്റ് വികസിപ്പിക്കും. ഐടി നിയമം ലംഘനമാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വെളിപ്പെടുത്തിയാല്‍. അത് പങ്കുവെച്ചവര്‍ക്കെതിരെ കേസെടുക്കും. ഐടി നിയമങ്ങള്‍ക്കനുസൃതമായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ ഏഴ് ദിവസമാണ് കമ്പനികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐടി നിയമ ലംഘനത്തോട് ഇന്ന് മുതല്‍ യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ല.” – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഡീപ് ഫേക്കുകള്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ആലോചിക്കുകയാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാരും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍മിക്കുക. വിഷയത്തിൽ സമൂഹ മാദ്ധ്യമ കമ്പനികളുടെ പ്രതിനിധികളുമായി അദ്ദേഹം ഇന്നലെ ചർച്ച നടത്തിയിരുന്നു. ഡീപ് ഫേക്കുകളെ കണ്ടെത്തൽ, അവയെ തടയൽ, പരാതിയറിയിക്കല്‍ സംവിധാനം ശക്തിപ്പെടുത്തൽ, ഉപഭോക്താക്കള്‍ക്കിടിയില്‍ ബോധവല്‍കരണം നടത്തൽ എന്നിവയിൽ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യമുണ്ടെന്ന് കമ്പനികള്‍ സമ്മതിച്ചതായി മന്ത്രി പറഞ്ഞു.

നേരത്തെ ഡീപ് ഫേക്കുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് .ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ നിര്‍മിക്കാന്‍ നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാദ്ധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും ആവശ്യപ്പെട്ടു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന പ്രതീതിയുണ്ടാക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങളെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൻ വിവാദമായിരുന്നു. സംഭവത്തിൽ കേസെടുത്ത ദില്ലി പോലീസ്, കഴിഞ്ഞ ദിവസം ബീഹാർ സ്വദേശിയായ പത്തൊമ്പത്കാരനെ ചോദ്യം ചെയ്തു. പിന്നാലെ കത്രീന കൈഫ്, കജോള്‍ എന്നീ നടിമാരുടെയും, ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിക്കപ്പെട്ടിരുന്നു

Related Articles

Latest Articles