ദില്ലി രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപമുണ്ടായ സ്‌ഫോടനത്തിലുപയോഗിച്ചത് വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളെന്ന് സൂചന. നാടന്‍ ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും ആളപായമുണ്ടാക്കാനോ നാശനഷ്ടങ്ങളുണ്ടാക്കാനോ അല്ല മറിച്ച് സ്‌ഫോടനത്തിലൂടെ ഒരു സന്ദേശം നല്‍കാനാണ് ഇതിന് പിന്നിലുള്ളവര്‍ ശ്രമിച്ചതെന്നാണ് ദില്ലി പോലീസ് കരുതുന്നത്.
ബോംബ് നിര്‍മ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെയും സിആര്‍പിഎഫിലെയും എന്‍എസ്ജിയിലെയും വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വയറിന്റെയും ബാറ്ററിയുടെയും ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീര്‍പ്പിലെത്താനാണ് തീരുമാനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതികളിലേക്കെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.
രാവിലെ ഏഴരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി.

