Sunday, January 11, 2026

മഞ്ഞിൽ മുങ്ങി ദില്ലി ; 5 ട്രെയിനുകൾ വൈകിയോടുന്നു,അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ദില്ലി : കനത്ത മൂടൽ മഞ്ഞിൽ മുങ്ങിയിരിക്കുകയാണ് ദില്ലി. മഞ്ഞിനെ തുടർന്ന് 15 ട്രെയിനുകൾ വൈകി ഓടുകയാണ്. ദില്ലിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ദില്ലിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ദില്ലിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചയായി മൂടൽമഞ്ഞ് റെയിൽ, റോഡ്, വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഉത്തരേന്ത്യയിൽ 26 ട്രെയിൻ സർവീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്.

ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള വ്യോമ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ഹരിയാണ, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ശൈത്യതരംഗം ശക്തിപ്രാപിച്ചത്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മൂടൽമഞ്ഞും ശക്തമാണ്.

Related Articles

Latest Articles