Thursday, January 8, 2026

ദില്ലി മദ്യനയ കേസ്; കെജ്‌രിവാൾ തിഹാർ ജയിലേക്ക്! ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

ദില്ലി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. ഉടൻ തന്നെ കെജ്‍രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക. ഇഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി.

അരവിന്ദ് കെജ്‌രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഫോണിന്റേത് ഉൾപ്പെടെയുള്ള പാസ്‌വേർഡുകൾ നൽകാൻ കെജ്‌രിവാൾ തയ്യാറായിട്ടില്ലെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇത് ലഭിക്കാനായി ആപ്പിൾ കമ്പനിയെ അന്വേഷണ സംഘം സമീപിച്ചിട്ടുണ്ട്. അതിനാൽ നിലവിലെ കസ്റ്റഡി കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും ഇഡി അറിയിക്കുകയായിരുന്നു.

പിന്നീട് ഐഫോണിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്‌ക്ക് ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നൽകും. കൂടുതൽ പേരെ പ്രതി ചേർക്കുന്നതും പരിഗണിക്കുന്നുണ്ട്. അപ്പോൾ മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കാവൂ എന്നും ഇഡി കോടതിയിൽ വാദിച്ചു.

Related Articles

Latest Articles