Sunday, June 16, 2024
spot_img

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിവിജയൻ സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ തയ്യാറെടുക്കുന്നു; കെജ്‌രിവാളിന്റെ അവസ്ഥ വരുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജരിവാളിൻ്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലത്. സർക്കാരിൻ്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിൻ്റെ ശബ്ദരേഖ ഈ സർക്കാരിൻ്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണെന്നും, ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു

ഈ സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിൻ്റെതിന് സമാനമായ രീതിയിലാണ് എൽഡിഎഫും മുന്നോട്ട് പോകുന്നത്. ദില്ലി ബാർക്കോഴ കേസിൽ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിൻ്റെ സാമൂഹ്യജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിമോൻറെ കോഴ നൽകാനായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖ പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.

Related Articles

Latest Articles