Sunday, June 16, 2024
spot_img

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ; ആന്ധ്രയിൽ അന്വേഷണസംഘത്തിന്റെ വലയിലായത് കൊടക് സ്വദേശി പി എ സലിം; നിർണായകമായത് വീട്ടിലേക്കുള്ള ഫോൺ വിളി

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ സലിം ആണ് ആന്ധ്രയിൽ പിടിയിലായത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സ്വഭാവമില്ലാത്തതിനാൽ പ്രതിയെ പിടികൂടാൻ വൈകിയിരുന്നു. എന്നാൽ മറ്റൊരാളുടെ ഫോണിൽ നിന്ന് ഇന്നലെ സലിം വീട്ടിലേക്ക് വിളിച്ചിരുന്നു. ഇത് പിന്തുടർന്ന അന്വേഷണ സംഘം പ്രതിയെ ആന്ധ്രയിൽ നിന്ന് വലയിലാക്കുകയായിരുന്നു. പ്രതിക്കായി മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരത്തെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതിയെ വൈകുന്നേരത്തോടെ കാഞ്ഞങ്ങാട്ട് എത്തിക്കും. പ്രതിയുടെ പേരിൽ ഇതിന് മുന്നേയും സമാന കേസുകൾ ഉണ്ടായിരുന്നു.

മെയ് 13 ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിന് അരക്കിലോമീറ്റർ അകലെവച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു. കണ്ണിനും കഴുത്തിനും പരിക്കേറ്റ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീ‌ഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞു. മുത്തച്ഛൻ വീടിന്റെ പിൻവാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ, ഇതുവഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles