Monday, May 13, 2024
spot_img

വിഷപുകയില്‍ ശ്വാസംമുട്ടി രാജ്യതലസ്ഥാനം! ദില്ലിയിൽ വായു നിലവാരം അതിരൂക്ഷം; സ്‌കൂളുകള്‍ക്ക് അവധി

ദില്ലി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ, റെയില്‍വേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.

ദില്ലിയിലെ വായു നിലവാര സൂചിക വ്യാഴാഴ്ച വൈകിട്ടോടെ 402 ലെത്തിയിരിക്കുകയാണ്. ദില്ലി നോയിഡ എന്നിവിടങ്ങളിലും പുക മഞ്ഞ് രൂക്ഷമാണ്. തൊണ്ടയെരിച്ചിലും കണ്ണെരിച്ചിലും പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളും പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്.

നഗരത്തിലേക്ക് ഡീസല്‍ ട്രക്കുകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. വായുഗുണ നിലവാര സൂചിക 400 ന് മുകളിലേക്ക് പോകുന്നത് ഗുരുതരമായ സാഹചര്യമാണ്. യാത്രക്കായി പൊതുഗതാഗത സൗകര്യത്തെ കൂടുതലായി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശമുണ്ട്. പ്രാദേശിക കാരണങ്ങളാലാണ് വായു മലിനീകരണമെന്നാണ് കരുതുന്നതെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ തോത് വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്.

Related Articles

Latest Articles