തിരുവല്ല: ദക്ഷിണകാശി എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള ദേവസ്വം ബോർഡ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരമാകുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കേരള ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് നേരിട്ട് നിവേദനം നൽകി. തിരുവനന്തപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട മന്ത്രി, ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കാൻ അടിയന്തര നിർദ്ദേശം നൽകിയതായി അനൂപ് ആന്റണി അറിയിച്ചു.
മന്ത്രിയുടെ ഉറപ്പിനെത്തുടർന്ന്, അടുത്ത മൂന്ന് ദിവസത്തിനകം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ ജയകുമാർ ശ്രീവല്ലഭ ക്ഷേത്രത്തിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവല്ലയിലെത്തി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കും. ക്ഷേത്രത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിന് ഭക്തരും നാട്ടുകാരും കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർന്നടിഞ്ഞ ഈ റോഡ് മൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റോഡിന്റെ കനത്ത തകർച്ച കാരണം ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ ശ്രീവല്ലഭന്റെ ആറാട്ട് പോലും കരിമണ്ണിലൂടെ നടത്തേണ്ടി വരുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ് നിലവിലുള്ളത്.
റോഡ് പുനരുദ്ധാരണത്തിനായി ദേവസ്വം ബോർഡ് മുൻപ് തീരുമാനമെടുത്തിരുന്നെങ്കിലും, ടെണ്ടർ നടപടികളിലെ സാങ്കേതിക തടസ്സങ്ങളും എസ്റ്റിമേറ്റ് പുതുക്കാത്തതുമാണ് നിർമ്മാണം വൈകാൻ കാരണമായതെന്ന് അനൂപ് ആന്റണി ചൂണ്ടിക്കാട്ടി. നിലവിലെ എസ്റ്റിമേറ്റ് പുതുക്കി പുതിയ ടെണ്ടർ ക്ഷണിച്ചോ, മറ്റ് അടിയന്തര ഭരണനടപടികൾ സ്വീകരിച്ചോ കാലതാമസം ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ നിർദേശം നൽകണമെന്ന് മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളും ഭക്തജനങ്ങളും ഒരുപോലെ ഉന്നയിക്കുന്ന ഈ പ്രധാനപ്പെട്ട ആവശ്യം യാഥാർത്ഥ്യമാകുന്നതുവരെയും, ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ പൂർണ്ണമായും സഞ്ചാരയോഗ്യമാക്കുന്നത് വരെയും ശക്തമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

