Tuesday, May 21, 2024
spot_img

ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തിൽ വമ്പൻ വിജയം നേടിയിട്ടും ക്രിക്കറ്റ് ലോകത്തിന് മുന്നിൽ നാണം കെട്ട് പാകിസ്ഥാൻ ; മത്സരം നടന്നത് ആളോ ആരവമോ ഇല്ലാത്ത സ്റ്റേഡിയത്തിൽ !

മുൾട്ടാൻ : ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ വമ്പൻ വിജയം നേടിയിട്ടും ക്രിക്കറ്റ് ലോകത്തിന് മുന്നിൽ നാണം കെട്ട് ആതിഥേയരായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡ്. പാകിസ്ഥാനും നേപ്പാളും തമ്മിൽ മുൾട്ടാനിൽ വച്ച് നടന്ന മത്സരത്തിന് സാക്ഷിയായത് ഏതാണ്ട് ഒഴിഞ്ഞ സ്റ്റേഡിയമാണ്. ഇക്കാര്യം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലടക്കം ചർച്ചയായതോടെ പിസിബി തല കുനിച്ച് നടക്കേണ്ട സ്ഥിതിയിലാണ്. മത്സരത്തിൽ ടോസ് നേടി പാകിസ്ഥാൻ ബാറ്റു ചെയ്യുമ്പോൾ സ്റ്റേഡിയത്തിലെ മുൻനിരയിലുള്ള സീറ്റുകളെല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഏഷ്യാ കപ്പ് പോലൊരു പ്രധാന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുവാൻ പാകിസ്ഥാന് അവസരം ലഭിക്കുന്നത്. ടൂർണമെന്റിലെ നാലു മത്സരങ്ങൾ മാത്രം പാകിസ്ഥാനിൽ നടത്തി, ഇന്ത്യയുടേതുൾപ്പെടയുള്ള മറ്റ് കളികളെല്ലാം ശ്രീലങ്കയിലാണ് നടക്കുക. നേപ്പാൾ മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ അൽപ്പമെങ്കിലും നിറഞ്ഞത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 342 റൺസാണ് അടിച്ചുകൂട്ടിയത്. 343 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നേപ്പാൾ 23.4 ഓവറിൽ 104 റൺസിന് പുറത്തായി. 46 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സോംപാല്‍ കാമിയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. പാകിസ്ഥാനു വേണ്ടി ശദാബ് ഖാൻ നാലു വിക്കറ്റും ഷഹീൻ അഫ്രിദി, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റു വീതവും നേടി.

ഒരുഘട്ടത്തിൽ 2ന് 25 എന്ന നിലയിൽ പതറിയ പാകിസ്ഥാനെ ക്യാപ്റ്റൻ ബാബർ അസം (131 പന്തിൽ 151), ഇഫ്തിഖർ അഹമ്മദ് (71 പന്തിൽ 109*) എന്നിവര്‍ ചേർന്നാണ് മികച്ച സ്കോറിലെത്തിച്ചത്.

Related Articles

Latest Articles