Saturday, May 18, 2024
spot_img

ദില്ലിയിൽ ആമസോൺ മാനേജറെ വെടിവച്ചു കൊന്നത് പതിനെട്ടുകാരൻ ! പ്രതിക്കെതിരെ നിലവിലുള്ളത് നാല് കൊലപാതക കേസുകൾ ! പ്രതിയുടെ ‘മായാ ഗ്യാങ്ങിലുള്ളത് ” 12 ഓളം അംഗങ്ങൾ

ദില്ലി :രാജ്യത്തെ പ്രമുഖ ഓണ്‍ലൈൻ വ്യാപാര വെബ്സൈറ്റായ ആമസോണിന്റെ മാനേജർ, ഹർപ്രീത് ഗില്ലിനെ വെടി വച്ച് കൊലപ്പെടുത്തിയത് പതിനെട്ടുകാരനെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. അറസ്റ്റിലായ ഇയാൾക്കെതിരെ നാല് കൊലപാതക കേസുകൾ നിലവിലുണ്ടെന്നും ഇയാളുടെ സംഘത്തിൽ 12 ഓളം അംഗങ്ങളുണ്ടെന്നുമാണ് വിവരം. ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാദ്ധ്യമങ്ങളിൽ തോക്കുകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മായ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ തന്റെ സംഘത്തിന് നൽകിയിരിക്കുന്ന പേര് മായാ ഗ്യാങ് എന്നാണ്.

ചൊവ്വാഴ്ച വൈകുന്നേരം പത്തരയോടെ ബൈക്കിൽ ഹർപ്രീതും ബന്ധു ഗോവിന്ദും, പാർട്ടി കഴിഞ്ഞു വരികയായിരുന്ന മായയും ഗാനിയും കൂട്ടാളികളായ സൊഹൈൽ (23), മുഹമ്മദ് ജുനൈദ് (23), അദ്നാൻ (19) എന്നിവരും ഇടുങ്ങിയ വഴിയിൽ നേർക്കുനേർ എത്തി. ഒരു കൂട്ടർക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാൻ മാത്രം കഴിയുന്ന ആ ഇടുങ്ങിയ വഴിയിൽ പിന്നോട്ടുപോകാൻ ആരും തയാറാകാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തിനൊടുവിൽ മായ ഹർപ്രീതിനെയും ഗോവിന്ദിനെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.

മായക്കൊപ്പം ഇയാളുടെ കൂട്ടാളി പതിനെട്ടുകാരനായ ബിലാൽ ഗാനിയും പിടിയിലായിട്ടുണ്ട്. മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ നടത്തുകയാണ് പൊലീസ്. അടുത്തിടെയാണ് ഇയാൾക്ക് 18 തികഞ്ഞത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇയാൾ നാലു കേസുകളിൽ പ്രതിയായിട്ടുണ്ട്. കൂട്ടാളി ഗാനിക്ക് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 18 തികഞ്ഞത്. കഴിഞ്ഞ വർഷം ഒരു കൊലക്കേസും മോഷണവും ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles