54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്നുമായിരുന്നു പുരസ്‌ക്കാര പ്രഖ്യാപനം. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും (ഉള്ളൊഴുക്ക്) ബീന.ആർ.ചന്ദ്രനും (തടവ്) പങ്കിട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം കാതൽ. മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം ഉൾപ്പടെ എട്ട് പുരസ്കാരങ്ങളാണ് ബ്ലസി ആട് ജീവിതത്തിന് ലഭിച്ചത്. എന്നാൽ ജനപ്രിയ ചിത്രം എന്ന ബഹുമതിക്ക് ആടുജീവിതം അർഹമാണോ എന്ന സംശയം ഭൂരിഭാഗം പേർക്കും ഉണ്ടായി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരത്തിനായുള്ള മത്സരത്തിൽ തഴയപ്പെട്ടത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌ക്കാര്‍ എന്‍ട്രിയായി മാറിയ 2018 എന്ന സിനിമയായിരുന്നു. കലാസംവിധായകനുള്ള പുരസ്‌ക്കാരം മോഹന്‍ദാസിന് ലഭിച്ചു എന്നതൊഴിച്ചാൽ സമസ്ത മേഖലകളിലും ചിത്രം തഴയപ്പെട്ടു. ജനപ്രിയ സിനിമക്കുള്ള പുരസ്‌ക്കാരം ലഭ്യമാകാന്‍ ഈ സിനിമ അര്‍ഹമായിരുന്നു എന്ന വിലയിരുത്തലുകളുണ്ട്. എന്തുകൊണ്ട് 2018 തഴയപ്പെട്ടു എന്ന ചർച്ച നടക്കുമ്പോൾ വിഷയത്തിൽ അദ്ധ്യാപികയും എഴുത്തുകാരിയുമായ അഞ്ജു പാർവതി പ്രബീഷ് പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്.
അഞ്ജു പാർവതി പ്രബീഷ് പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
നന്നായി കലക്കി ഒരു കപ്പ് ബൂസ്റ്റ് വലിയ കപ്പിത്താന് കൊടുക്കാൻ മറന്നുപ്പോയതാണ്, അല്ലെങ്കിൽ കൊടുക്കാൻ മൈൻഡ് ആക്കാത്തതാണ് ജൂഡ് എന്ന സംവിധായകൻ ചെയ്ത ഏറ്റോം വല്യ അപരാധം. അത് കൊണ്ടെന്താ, 2023ൽ ലോകമെമ്പാടും ഉള്ള മലയാളികൾ കണ്ട് കണ്ണു നനഞ്ഞ, ഹൃദയം നിറഞ്ഞു കയ്യടിച്ച സിനിമയെ കടക്ക് പുറത്ത് എന്നൊരാട്ട് കൊടുത്ത് 2023 ൽ ആരും കാണാതെ ഗർഭത്തിൽ ഇരുന്ന ഒരു സിനിമയ്ക്ക് ( അതിനർത്ഥം ഈ സിനിമ അവാർഡിന് അർഹമല്ലെന്നോ മികച്ചത് അല്ലെന്നോ അല്ല, മറിച്ച് 2023 ലെ ജനപ്രിയ അവാർഡ് എങ്ങനെ കിട്ടി എന്ന ചോദ്യം ) ഇന്നാ പിടിച്ചോ ഒരു ജനപ്രിയ അവാർഡ് എന്നും പറഞ്ഞു കൊടുത്തു സാംസ്‌കാരിക കേരളം
2018 കേവലം ഒരു സിനിമയല്ല. ഓരോ മലയാളിയും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അനുഭവിച്ചറിഞ്ഞ ദിനങ്ങളുടെ ഓർമ്മപുസ്തകമാണ്. ഓരോ മലയാളിയും, പ്രവാസികൾ ഉൾപ്പെടെ ജീവിതത്തിലെ കുറച്ചു ദിവസങ്ങളിൽ റിയൽ ലൈഫ് ഹീറോകളായി സ്വയം മാറിയതിന്റെ സാക്ഷ്യമാണ്. ആരും വിളിക്കാതെ, സ്വന്തം സഹോദരങ്ങളെ രക്ഷിക്കാനായി സ്വയം മുന്നിട്ടിറങ്ങിയ ഒരു വലിയ ജനതയുടെ മുന്നേറ്റം കൊണ്ട് മാത്രമാണ് കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ കേരളത്തെ കൈപിടിച്ചുയർത്തിയത് എന്നത് തുണിയുടുക്കാത്ത സത്യം. അത് വൃത്തിയായി ജൂഡ് ചെയ്തു വച്ചിട്ടുണ്ട്. അതാണ് ജൂഡ് ചെയ്ത അപരാധവും.
ഓഖി സമയത്ത് വലിയ കപ്പിത്താനെ പങ്കായം കൊണ്ടോടിച്ചതിന്റെ ചൊരുക്ക് പിന്നീട് പല രീതിയിൽ അവരോടു ചെയ്തിട്ടും അതൊന്നും മനസ്സിൽ വയ്ക്കാതെ പാഞ്ഞിറങ്ങിയ മത്സ്യതൊഴിലാളികളുടെ വലിയ മനസ്സ്, കൊലയാളി ലോറി എന്ന് പലവുരു നമ്മൾ വിളിച്ച ടിപ്പറുകളുടെ ഇടവേളകളില്ലാത്ത രക്ഷാ ദൗത്യം, നാടിന് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഫ്രീക് പിള്ളേർ എന്ന് കളിയാക്കിയ ചുള്ളന്മാരും ചുള്ളത്തികളും കൈ മെയ് മറന്നു രാവും പകലും പ്രവർത്തിച്ച കോർഡിനേഷൻ, കൂടും കുടുക്കയും പൊട്ടിച്ചും ആടിനെ വിറ്റും ഒക്കെ ഒന്നും പത്തും നാടിനു നൽകിയ നിസ്വാർത്ഥത, പ്രവാസത്തിന്റെ ചൂടിൽ പൊള്ളുന്ന പ്രാരാബ്ദങ്ങൾക്കിടയിലും ഉള്ളത് മുഴുവൻ പെറുക്കി എടുത്ത് അയച്ചു നാടിനെ രക്ഷിക്കാൻ നിന്ന പ്രവാസികളുടെ ഉറവ വറ്റാത്ത കാരുണ്യം, പിന്നെ രാജ്യത്തിന്റെ കാവൽക്കാരായ ഇന്ത്യൻ ആർമി-നേവി -എയർ ഫോഴ്സ്! ഇതൊക്കെയാണ് ഈ നാടിനെ അന്നത്തെ ആ പ്രളയത്തിൽ നിന്നും കരകയറ്റിയത്. അല്ലാതെ ദുരിതപ്പെയ്ത്തിന് മുന്നിൽ തോറ്റമ്പി നിന്ന നമ്മുടെ ഡിസാസ്റ്റർ മാനേജ്മെന്റോ, പാതിരാത്രി ഡാം തുറന്നു വിട്ട മണി ആശാന്റെ ഡാം മാനേജ്മെന്റോ PR വർക്കുകൾ കൊണ്ട് കെട്ടിപ്പൊക്കിയ തമ്പ്രാന്റെ ഭരണമോ അല്ല.ഈ സത്യം ജൂഡ് സിനിമയിലൂടെ കൃത്യമായി വരച്ചു കാട്ടി. അതായത് ഉത്തമാ, ഇടത് PR മാർക്കറ്റിൽ കിട്ടുന്ന ആ ബൂസ്റ്റ് ഇല്ലേ, അത് വാങ്ങി നല്ലോണം കലക്കി ഒരു മഗ് കൊടുക്കാൻ മറന്നുപ്പോയി എന്ന്!!

