കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. കൊല്ലപ്പെട്ട ഡോക്ടറുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥന ചൊല്ലിയും ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ പിതാവ്.
ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ചതായി പിതാവ് പറയുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംഭവം കൈകാര്യം ചെയ്ത രീതിയിൽ തൃപ്തനല്ലെന്നും പിതാവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നീതി ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ നീതി ആവശ്യപ്പെടുന്ന സാധാരണക്കാരെ ജയിലിലടയ്‌ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മകളുടെ ജീവന് പകരമായി നൽകുന്ന നഷ്ടപരിഹാരവും വാങ്ങില്ലെന്ന് പിതാവ് വ്യക്തമാക്കി.
എന്താണോ യഥാർത്ഥത്തിൽ സംഭവിച്ചത് അതൊന്നുമല്ല സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ പുറത്തു വന്നത്. എന്നാൽ സിബിഐ അന്വേഷണത്തിൽ ഫലമുണ്ടാകുമെന്ന് വിശ്വാസമുണ്ട്. മെഡിക്കൽ കോളേജിലെയോ ഡിപ്പാർട്ട്മെന്റിലെയൊ ആരും തന്നെ തങ്ങളുമായി സഹകരിക്കാൻ തയാറായില്ലെന്നും എല്ലാവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറയുന്നു.
അതേസമയം, ഓഗസ്റ്റ് ഒൻപതിനായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. അന്നേദിവസം രാവിലെ ആറ്‍ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടർ ആയിരുന്നു കൊല്ലപ്പെട്ടത്. ഡ്യൂട്ടിയ്ക്കിടെ ആയിരുന്നു സംഭവം നടന്നത്.

