Tuesday, December 16, 2025

കോണ്‍ഗ്രസ് ഒരു ശാപമാണ്; സഖ്യം ഒരു തെറ്റായിരുന്നെന്ന് ദേവഗൗഡ; ”ശിവ ഭഗവാനെ പോലെ വിഷം കഴിച്ച അവസ്ഥ”യെന്ന് കുമാരസ്വാമി

ബെംഗളൂരു: കര്‍’നാടക’ത്തിന് അന്ത്യം കുറിച്ചപ്പോള്‍ അധികാരം കൈവിട്ടു പോയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ജെഡിഎസ് ഇപ്പോള്‍ അവരുടെ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കുന്നതിനായുള്ള ശ്രമത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതികള്‍ കേള്‍ക്കാതിരുന്ന നേതൃത്വം കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു.

പാര്‍ട്ടി പ്രവര്‍ത്തകരെ അമ്പരപ്പിച്ചാണ് യോഗത്തില്‍ ദേവഗൗഡ സംസാരിച്ചത്. 14 മാസത്തെ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ശേഷമായിരുന്നു ദേവഗൗഡയുടെ പ്രസ്താവന. കോണ്‍ഗ്രസ് ഒരു ശാപമാണെന്നും അവരുമായുള്ള സഖ്യം ഒരു തെറ്റായിരുന്നെന്നുമാണ് ദേവഗൗഡ യോഗത്തില്‍ പറഞ്ഞത്.

യോഗത്തില്‍ വികാരഭരിതനായി പൊട്ടിത്തെറിച്ച എച്ച്.ഡി കുമാരസ്വാമി തനിക്കൊരിക്കലും സ്വതന്ത്രമായി ഭരിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി. തന്‍റേത് ഭഗവാന്‍ ശിവനെ പോലെ വിഷം കഴിച്ച അവസ്ഥയായിരുന്നു. അത് ഭരണത്തില്‍ പരിമിതികള്‍ സൃഷ്ടിച്ചു. എല്ലാ പരിമിതികളേയും തൂത്തെറിയുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഞാന്‍ കണ്ണീര്‍ പൊഴിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. നിങ്ങളുടെ പ്രതീക്ഷകളെ ഞാന്‍ കണ്ടില്ലെന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കോണ്‍ഗ്രസിന്‍റെ 80 എം.എല്‍.എമാരുമായി തട്ടിക്കുമ്പോള്‍ ജെ.ഡി.എസിന് 37 എംഎല്‍എമാര്‍. ഞാന്‍ കോണ്‍ഗ്രസിനോട് ബാദ്ധ്യതയുള്ളവനെന്ന് തോന്നി. – എച്ച് ഡി കുമാരസ്വാമി തുറന്നടിച്ചു.

ബാക്കിയുള്ള കാലാവധിയായ മൂന്ന് വര്‍ഷവും എട്ട് മാസവും ബി.ജെ.പി സര്‍ക്കാര്‍ തന്നെ ഭരിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ അതിന് ശേഷം തങ്ങളുടെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും ജാഗ്രത പാലിക്കുമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു.

Related Articles

Latest Articles