Wednesday, May 22, 2024
spot_img

പലരും കയറിപ്പറ്റുന്നത് മേലനങ്ങാതെ ശമ്പളം വാങ്ങാന്‍ ; പിങ്ക് പോലീസ് വഴിയിലുറങ്ങുന്നു! അതിനായി വാങ്ങിയത് 20 ടയോട്ട എ സി കാറുകള്‍

രാത്രിയും സുരക്ഷിതരായി വഴിനടക്കാന്‍ സ്ത്രീകള്‍ ”നിര്‍ഭയം” മുന്നോട്ടുവരുമ്പോള്‍, അവര്‍ക്കു സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച പിങ്ക് പോലീസ് വഴിയിലുറങ്ങുന്നു! രാപകലന്യേ നിരത്തില്‍ സ്ത്രീസുരക്ഷ ലക്ഷ്യമിട്ടാണു പിങ്ക് പോലീസ് രൂപീകരിച്ചത്. അതിനായി ഇരുപതിലേറെ ടൊയോട്ട എ.സി. കാറുകളും വാങ്ങി. 1515 എന്ന നമ്പരില്‍ വിളിച്ചാലുടന്‍ പിങ്ക് പോലീസ് ഓടിയെത്തുമെന്നായിരുന്നു പ്രഖ്യാപനം.
മേലനങ്ങാതെ ശമ്പളം വാങ്ങാനാണു പലരും പിങ്ക് പോലീസില്‍ കയറിപ്പറ്റുന്നത്. ഈ ”സുഖസവാരി” തരപ്പെടാന്‍ ഉന്നതങ്ങളില്‍ പിടിപാട് വേണം. ഒരു കാറില്‍ നാല് പോലീസ് ഉദ്യോഗസ്ഥകളുണ്ടാകും. പിങ്ക് പോലീസിന്റെ പേരില്‍, വഴിയോരത്തു വിശ്രമിക്കാനാണു ചില പോലീസ് ഉദ്യോഗസ്ഥകള്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഉന്നതോദ്യോഗസ്ഥരുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും സുഖസവാരിക്കും ഡ്രൈവിങ് പരീശീലനത്തിനും പിങ്ക് പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ചതായി പരാതിയുയര്‍ന്നു.

ഇതു സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നു. പരാതികള്‍ വ്യാപകമായതോടെ, പിങ്ക് പോലീസിനെ നവീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. മതിയായ മേല്‍നോട്ടമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പിങ്ക് പോലീസിനെ പുതുവര്‍ഷം പിറക്കുന്നതിനു മുമ്പ് പുനരുദ്ധരിക്കണമെന്നാണു നിര്‍ദേശം. ഇല്ലെങ്കില്‍ ഉന്നതോദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കും.

സ്ത്രീസുരക്ഷ മെച്ചപ്പെടുത്താന്‍ രൂപീകരിച്ച പിങ്ക് പോലീസിന്റെ വാഹനങ്ങള്‍ ദിശാബോധമില്ലാതെ ഓടുകയാണെന്നു ജില്ലാ മേധാവിമാര്‍ക്ക് അയച്ച കത്തില്‍ ബെഹ്‌റ ചൂണ്ടിക്കാട്ടി. വാഹനങ്ങളില്‍ ഘടിപ്പിച്ച ക്യാമറകള്‍ക്കു പുറമേ, 1515 എന്ന ഹെല്‍പ് െലെന്‍ നമ്പര്‍പോലും മിക്ക ജില്ലകളിലും പ്രവര്‍ത്തിക്കുന്നില്ല. നമ്പര്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ പണമടയ്ക്കുന്നില്ല. എത്രയും വേഗം എസ്.പിമാര്‍ ഇടപെട്ട് പിങ്ക് പോലീസിന്റെ ന്യൂനതകള്‍ പരിഹരിക്കണമെന്നും ജനുവരി ഒന്നിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡി.ജി.പി. നിര്‍ദേശിച്ചു.

Related Articles

Latest Articles