Tuesday, December 23, 2025

കണ്ട ഭാവം നടിക്കാതെ ധനുഷും നയൻസും ! തർക്കം മുറുകവേ ഒരേ ചടങ്ങിനെത്തി താരങ്ങൾ ; വൈറലായി ദൃശ്യങ്ങൾ

നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് വീഡിയോ പകർപ്പവകാശം സംബന്ധിച്ച തർക്കം മുറുകവേ ഒരേ ചടങ്ങിൽ പങ്കെടുത്ത് നടൻ ധനുഷും നടി നയൻതാരയും. എന്നാൽ ഇരുവരും കണ്ട ഭാവം പോലും നടിച്ചില്ല എന്നതും ശ്രദ്ധേയമായി.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിർമാതാവായ ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്. ഇവർ എത്തുമ്പോൾ സദസിന്റെ മുൻനിരയിൽ ധനുഷുമുണ്ടായിരുന്നു. ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തിൽത്തന്നെയാണ് നയൻതാരയും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ധനുഷ് വിവാഹച്ചടങ്ങുകളിൽ മുഴുകിയിരിക്കുകയും നയൻതാര മറ്റ് അതിഥികൾക്കൊപ്പം സമയം ചെലവിടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഈ സിനിമയുടെ ചില ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.ഇതിനെതിരെ വിമർശനവുമായി നയൻതാര രം​ഗത്തെത്തി. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്

Related Articles

Latest Articles