Tuesday, May 21, 2024
spot_img

വിമാനത്താവളത്തില്‍ വൻ വജ്രവേട്ട : പിടിച്ചെടുത്തത് 1.06 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍

അഹമ്മദാബാദ്: അഹമ്മദാബാദിൽ കോടി രൂപ വിലമതിക്കുന്ന വജ്രങ്ങൾ പിടിച്ചെടുത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽലാണ് 1.06 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മുംബൈ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു.

304.629 കാരറ്റ് വജ്രങ്ങളാണ് കണ്ടെടുത്തത്. ഈ വജ്രങ്ങള്‍ അഹമ്മദാബാദില്‍ നിന്ന് ദുബായിലേക്ക് കടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 15 ചെറിയ പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വജ്രങ്ങള്‍ കണ്ടെത്തിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതി ഒരു വജ്രവ്യാപാരിയുടെ കള്ളക്കടത്ത് തൊഴിലാളിയാണെന്ന് തെളിഞ്ഞു. എയര്‍പോര്‍ട്ടില്‍ നടന്ന ചെക്കിങ്ങിനിടെ പ്രതിയുടെ പക്കലുണ്ടായിരുന്ന വജ്രങ്ങളുടെയും വിദേശ പണത്തിന്‍റെയും കണക്ക് വ്യക്തമായി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാന്‍ കഴിയാതെ വന്നു. ഇതോടെ സംശയം തോന്നിയ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ഇന്ത്യക്ക് പുറത്ത് പ്രതി നേരത്തെ കള്ളക്കടത്ത് നടത്തിയതായി സമ്മതിച്ചുവെന്നും ഇതേ ആവശ്യത്തിനായി ദുബായ് ആസ്ഥാനമായുള്ള മറ്റൊരു വജ്ര വില്‍പ്പനക്കാരന്‍ തനിക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതായും ഡി.ആര്‍.ഐ പറഞ്ഞു. മാത്രമല്ല സര്‍ക്കാര്‍ മൂല്യനിര്‍ണ്ണയക്കാരെത്തി വജ്രങ്ങള്‍ പരിശോധിച്ച്‌ വിലയിരുത്തുകയായിരുന്നുവെന്ന് ഡി.ആര്‍.ഐ അറിയിച്ചു.

Related Articles

Latest Articles