ചെങ്ങന്നൂര്‍: മാന്നാര്‍ ശ്രീകല വധക്കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായംതേടി പോലീസ്. ജോലിയുമായി ബന്ധപ്പെട്ട് ഇയാൾ ഇസ്രയേലിലാനുള്ളത്. കേസിൽ നിലനിൽക്കുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അനിലിനെ നേരിട്ട് ചോദ്യം ചെയ്യണം എന്ന നിലയിലാണ്. കേസിൽ നിലവിൽ അനിലിന്റെ സഹോദരീഭര്‍ത്താവ് ചെന്നിത്തല തൃപ്പെരുന്തുറ ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ സോമരാജന്‍ (56), ബന്ധുക്കളായ ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ പ്രമോദ് (40), ഇരമത്തൂര്‍ ജിനുഭവനം ജിനു (48) എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടത്താന്‍ അനിലിന് കൂടുതല്‍പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. മൃതദേഹം സെപ്റ്റിക് ടാങ്കില്‍നിന്ന് അനില്‍ മാറ്റിയതായും പോലീസിന് സംശയമുണ്ട്. ബന്ധുക്കളായ കൂട്ടുപ്രതികള്‍ അറിയാതെ മൃതദേഹം അനില്‍ സെപ്റ്റിക് ടാങ്കില്‍നിന്ന് മാറ്റിയിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം.
അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായില്ല. രാസവസ്തുക്കൾ ഉപയോഗിച്ച് തെളിവ് നശിപ്പിച്ചോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സെപ്റ്റിക് ടാങ്കില്‍നിന്ന് ലഭിച്ച വസ്തുക്കളുടെ രാസപരിശോധനയ്ക്ക് ശേഷം ഇതുസംബന്ധിച്ച് വ്യക്തവരുമെന്നാണ് പോലീസ് പറയുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ നിന്നുള്ളവരടക്കം 21 പേരാണ് സംഘത്തിലുള്ളത്.

