Saturday, September 26, 2026

നടിയെ ആക്രമിച്ച കേസ്; ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു; പ്രോസിക്യൂഷന്‍റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. അതോടൊപ്പം കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

കേസിൽ ഒന്നുരണ്ട് സാക്ഷികൾ നേരത്തെ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രധാന സാക്ഷിയെ കൂടി ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാൻ ദിലീപ് ശ്രമിച്ചു. അങ്ങനെയെങ്കിൽ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു.

കേസിൽ നടനും എംഎൽഎയുമായ മുകേഷും ഹാജരായിട്ടുണ്ട്. ദിലീപിനെ പൾസർ സുനിയിലേക്ക് എത്തിച്ചത് മുകേഷാണെന്നും മുകേഷിന്‍റെ ഡ്രൈവറായിരുന്നു പൾസർ സുനിയെന്നും അങ്ങനെയാണ് പൾസർ സുനിയെ ദിലീപ് പരിചയപ്പെടുന്നത്. ഈ ബന്ധത്തെക്കുറിച്ചാവും മുകേഷിനോട് ചോദിക്കുക.

പ്രോസിക്യൂഷൻ വിസ്താരമാണ് ഇന്ന് നടക്കുന്നത്. കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. മറ്റ് സാക്ഷികളുടെ വിസ്താരം 17ന് നടക്കും.

Related Articles

Latest Articles