വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ് ‘ആംസ്റ്റര്‍ ഓവര്‍സീസ്’ സിഇഒ പാര്‍വതി മായ ഷാജിയുടെ അറസ്റ്റോടെ പുറത്തുവരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയ സംഭവം, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വിദേശ തൊഴില്‍ തട്ടിപ്പ് ശൃംഖലകളുടെ വ്യാപ്തിയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ആഡംബര കാറുകള്‍, വിലകൂടിയ ആഭരണങ്ങള്‍, ഉയര്‍ന്ന ജീവിതശൈലി എന്നിവ സോഷ്യല്‍ മീഡിയ റീലുകളിലൂടെ പ്രദര്‍ശിപ്പിച്ചാണ് പാര്‍വതി ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസ്യത നേടിയെടുത്തത്. ഒരു വിജയകരമായ ബിസിനസ്സ് സംരംഭക എന്ന പ്രതിച്ഛായ നിര്‍മ്മിച്ച് ആളുകളില്‍ വിശ്വാസം വളര്‍ത്തുകയായിരുന്നു ആദ്യ ഘട്ടം. കാനഡ, പോളണ്ട്, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളില്‍ മികച്ച ശമ്പളമുള്ള തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു പ്രധാന പരസ്യങ്ങള്‍. 2023 മുതല്‍ നിരവധി ആളുകളില്‍ നിന്നായി 10 ലക്ഷം രൂപ വരെ ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി എത്തുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയും, തട്ടിപ്പ് കേസുകള്‍ മറികടക്കാന്‍ അഭിഭാഷകരുടെ പ്രത്യേക സംഘത്തെത്തന്നെ സജ്ജമാക്കുകയും ചെയ്തിരുന്നു.
പാലാരിവട്ടത്തും ഇടപ്പള്ളിയിലുമുള്ള ആംസ്റ്റര്‍ സ്ഥാപനങ്ങള്‍ കൂടാതെ കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ വിവിധ ജില്ലകളിലും സമാനമായ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ പാലാരിവട്ടം സ്റ്റേഷനില്‍ മാത്രം ഇരുപത്തഞ്ചിലേറെ പരാതിക്കാരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിയത്. ഇത് വ്യക്തമാക്കുന്നത് കോടികളുടെ തട്ടിപ്പാണ് ഇതിന് പിന്നില്‍ നടന്നതെന്നാണ്.
പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ ഇമിഗ്രേഷന്‍ വിഭാഗം പിടി കൂടുകയായിരുന്നു. പ്രധാന സൂത്രധാരന്മാരില്‍ ഒരാളും പാര്‍വതിയുടെ ഭര്‍ത്താവുമായ അനീഷ് മേനോന്‍ നിലവില്‍ ദുബായിലമുണ്ടെന്നാണ് വിവരം. മുന്‍പും മണി ചെയിന്‍, തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഇയാളെയും മറ്റു മാനേജര്‍മാരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

