”അന്ന് ഒരൊറ്റയക്കത്തിനാണ് 12 കോടി രൂപ കൈവിട്ടുപോയത്. എന്നാല്‍ ആ വിഷമം ഇന്നലെ മാറി”. ഒരിക്കൽ കൈവിട്ടുപോയ ഭാഗ്യം ഇന്ന് അതെ കൈകളിൽ തന്നെ എത്തിയതിന്റെ സന്തോഷത്തിലാണ് ദിനേശ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൂജ ബമ്പര്‍ വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്യാണപന്തലിൽ ഓടിനടക്കുകയായിരുന്നു ദിനേശ്. ആ സമയത്ത് തന്നെ തനിക്കാണ് 12 കോടി അടിച്ചതെന്ന് ദിനേശിന് മനസിലായി. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടുപോലും പറഞ്ഞില്ല.
വിവാഹം കഴിക്കാന്‍ പോകുന്ന കൂട്ടുകാരന്‍ വിദേശത്ത് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. അതിനാല്‍ വിവാഹത്തിന്റെ മേല്‍നോട്ടമെല്ലാം വഹിച്ചത് ദിനേശാണ്. വിവാഹത്തിന് ശേഷം വൈകുന്നേരം ലോട്ടറി സെന്ററിലെത്തി ദിനേശ് കാര്യം പറഞ്ഞു. ആരോടും ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ഭാര്യയോട് സന്തോഷ വാര്‍ത്ത അവതരിപ്പിച്ചു. മക്കളും അറിഞ്ഞു. വൈകാതെ നാടും അറിഞ്ഞു.
12 കോടിയില്‍ നികുതികളെല്ലാം കിഴിച്ച് ആറ് കോടി 18 ലക്ഷം രൂപയാണ് ദിനേശിന് കിട്ടുക. എന്നാല്‍ ഇവിടെ ഒരു അധിക ഭാഗ്യം കൂടി ദിനേശിന് വന്നുചേരുന്നുണ്ട്. ഒരുകോടി രൂപ കൂടി അധിക സമാനമായി ലഭിക്കും. ലോട്ടറി സബ് ഏജന്റ് കൂടിയായ ദിനേശ് ഏജന്‍സി വ്യവസ്ഥയിലാണ് ജയകുമാര്‍ ലോട്ടറീസില്‍ നിന്ന് ടിക്കറ്റ് എടുത്തത്. ഇതിന്റെ ബില്ലും ദിനേശിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്നിനാണ് സമ്മാനമടിച്ചത്. അതിനാലാണ് കമ്മീഷന്‍ തുകയായ ഒരു കോടി ഇരുപത് ലക്ഷം രൂപയും ദിനേശിന് ലഭിക്കുക. ടിക്കറ്റുകള്‍ കൂട്ടമായി വാങ്ങിയതിനാല്‍ ദിനേശ് സബ് ഏജന്റാണ് എന്നായിരുന്നു വിറ്റയാളുടെയും ധാരണ.
അതേസമയം, ഇത്ര വലിയ തുക കൊണ്ട് എന്താണ് പദ്ധതിയെന്ന ചോദ്യത്തിനും ദിനേശ് കുമാറിന് വ്യക്തമായ മറുപടിയുണ്ട്. ‘തുക കുറച്ചുനാളത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. നിലവിലെ ബിസിനസ്സുമായി തുടരും. ശുദ്ധരായ നാട്ടുകാരുണ്ട്. അവരെ സഹായിക്കണം. തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വീട്’ എന്ന് ദിനേശ് കുമാര്‍ പറഞ്ഞു. മാത്രമല്ല, പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും ദിനേശ് കുമാർ പറഞ്ഞു. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവരെ സഹായിക്കാനായി മാറ്റി വയ്‌ക്കും. സേവാഭാരതിയൂടെ സേവന പ്രവർത്തനങ്ങൾ ചെയ്യും. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവാഭാരതി നടത്തിയ സേവന പ്രവർത്തനങ്ങൾ എനിക്ക് അറിയാം. അതുകൊണ്ടുതന്നെ ഞാൻ നൽകുന്ന തുക അർഹതപ്പെട്ടവരിലേക്ക് എത്തുമെന്ന വിശ്വാസമുണ്ട്” എന്ന് ദിനേശ് കുമാർ പറഞ്ഞു.
നവംബർ 22-ാം തീയതിയാണ് ദിനേശ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും ടിക്കറ്റെടുത്തത്. 10 ടിക്കറ്റുകളിൽ ഒന്നായ JC 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടി അടിച്ചത്. സ്ഥിരമായി ലോട്ടറി എടുന്ന വ്യക്തിയാണ് താനെന്നും എല്ലാവരും ലോട്ടറി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപും 1,000 മുതൽ 50,000 വരെയുള്ള തുകകൾ ദിനേശിന് ലോട്ടറി അടിച്ചിട്ടുണ്ട്.

