ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ശനിയാഴ്ച ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടി പൂർണിമ ഭാഗ്യരാജാണ് ഭാര്യ. നടൻ ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്. ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വെച്ചുനടന്ന നടി ഖുശ്ബുവിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, അവസാന നാളുകളിലും പൊതുരംഗത്ത് സജീവമായിരുന്നു.
തെന്നിന്ത്യൻ സിനിമയിൽ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും ഹാസ്യവും കൂട്ടിയിണക്കി തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ ചലച്ചിത്രകാരനായിരുന്നു ഭാഗ്യരാജ്. കോയമ്പത്തൂരിൽ ജനിച്ച അദ്ദേഹം കോളേജ് പഠനം ഉപേക്ഷിച്ചാണ് സിനിമാ മോഹവുമായി അന്നത്തെ മദ്രാസിൽ എത്തുന്നത്. സംവിധായകരായ ജി. രാമകൃഷ്ണൻ, ഭാരതിരാജ എന്നിവരുടെ സഹായിയായി കരിയർ ആരംഭിച്ച ഭാഗ്യരാജ്, ’16 വയതിനിലേ’, ‘സിഗപ്പു റോജാക്കൾ’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ഭാരതിരാജയുടെ ‘കിഴക്കേ പോകും റെയിൽ’, ‘ടിക് ടിക് ടിക്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
1979-ൽ ‘ചുവരില്ലാത്ത ചിത്രങ്ങൾ’ എന്ന ചിത്രത്തിലൂടെ സംവിധായകനായും ‘പുതിയ വാർപ്പുകൾ’ എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ച അദ്ദേഹം തമിഴ് സിനിമയിലെ അപൂർവ്വ പ്രതിഭയായി മാറി. ഒരു സിനിമയുടെ രചനയും സംവിധാനവും അഭിനയവും ഒരേപോലെ നിർവ്വഹിക്കുന്നതിൽ അദ്ദേഹം പുലർത്തിയ മികവ് അക്കാലത്ത് വേറിട്ടുനിന്നു. മലയാളികളുടെ പ്രിയങ്കരികളായ ഉർവശി, കൽപ്പന എന്നീ സഹോദരിമാരെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ഭാഗ്യരാജാണ്. ഉർവശി നായികയായ ‘മുന്താണെ മുടിച്ച്’ എന്ന ചിത്രം പിന്നീട് രാജേഷ് ഖന്നയെ നായകനാക്കി ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെട്ടു. അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രമായെത്തിയ ‘ആഖരി രാസ്ത’ എന്ന വൻവിജയ ചിത്രം സംവിധാനം ചെയ്തതും ഭാഗ്യരാജായിരുന്നു.
എം.ജി. രാമചന്ദ്രന്റെ സിനിമാറ്റിക്കായ പിൻഗാമി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭാഗ്യരാജ്, എം.ജി.ആറിന്റെ പൂർത്തിയാകാത്ത ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ‘അവസര പോലീസ് 100’ എന്ന ചിത്രം പൂർത്തിയാക്കി ശ്രദ്ധ നേടിയിരുന്നു. പിന്നീട് തൊണ്ണൂറുകളിൽ ‘സുന്ദരകാണ്ഡം’, ‘രാസുകുട്ടി’ തുടങ്ങിയ നിരവധി ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചു. കരിയറിൽ വലിയ വിജയങ്ങൾ നേടുമ്പോഴും വ്യക്തിജീവിതത്തിൽ വലിയ പ്രതിസന്ധികൾ അദ്ദേഹം നേരിട്ടിരുന്നു. ആദ്യ ഭാര്യയും നടിയുമായ പ്രവീണയുടെ അകാല വിയോഗത്തിന് ശേഷമാണ് അദ്ദേഹം പൂർണിമയെ വിവാഹം കഴിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളും വിഷ്വൽ എഫക്റ്റുകളും സിനിമാ ലോകം കീഴടക്കുന്ന ഇന്നത്തെ കാലഘട്ടത്തിലും, സാധാരണക്കാരായ മനുഷ്യരുടെ കഥകൾ പറഞ്ഞ് തമിഴ് ചലച്ചിത്ര ചരിത്രത്തിൽ സ്വന്തമായി ഒരു സുവർണ്ണ അദ്ധ്യായം രചിച്ചാണ് ഭാഗ്യരാജ് വിടവാങ്ങുന്നത്.
തമിഴിൽ തിരക്കഥൈ മന്നൻ (തിരക്കഥയുടെ രാജാവ്) എന്നറിയപ്പെട്ടിരുന്ന ഭാഗ്യരാജിനെ സംബന്ധിച്ച് തമിഴ് സിനിമാലോകത്ത് ഏറെ പ്രസിദ്ധമായ ഒരു സംഭവ കഥ അദ്ദേഹം രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ബാഷ എന്ന തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമയുടെ തിരക്കഥയിൽ നടത്തിയ ഇടപെടലാണ് . നേർ രേഖയിൽ ആദ്യം ബാഷയുടെ മുംബൈ ജീവിതവും പിന്നെ തമിഴ് നാട്ടിൽ ഓട്ടോ ഡ്രൈവറായുള്ള ജീവിതവും കാണിക്കുന്ന തരത്തിൽ രചിക്കപ്പെട്ട ബാഷയുടെ തിരക്കഥ സംവിധായകൻ സുരേഷ് കൃഷ്ണ ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് ഭാഗ്യരാജിനെ കാണിച്ചിരുന്നു . മുഴുവൻ വായിച്ചു നോക്കിയാ ശേഷം അദ്ദേഹം നൽകിയ സെക്കൻഡ് ഹാഫ് ഫസ്റ്റ് ഹാഫും ഫസ്റ്റ് ഹാഫ് സെക്കൻഡ് ഹാഫും ആക്കിയ ശേഷം ക്ളൈമാക്സ് വെയ്ക്കു എന്ന ഉപദേശമാണ് ഇന്നും തമിഴ് സിനിമ പിന്തുടരുന്ന നായകന്റെ മാസ് ഫ്ളാഷ് ബാക്ക് ഇടവേളയ്ക്കു ശേഷം വരുന്ന ട്രെൻഡിന് തുടക്കം കുറിച്ചത്

