കൊച്ചി: ഇന്നലെ അന്തരിച്ച സംവിധായകൻ ഷാഫിക്ക് ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്ര ലോകം. മൃതദേഹം ഇന്ന് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.
മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ പണക്കിലുക്കവും പ്രേക്ഷകരിൽ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.

