Thursday, May 2, 2024
spot_img

കച്ചത്തീവ് ദ്വീപ് വിവാദത്തിൽ ഡി എം കെയ്ക്ക് ഇരട്ട നിലപാട് ; പാർലമെൻ്റിനകത്ത് എതിർത്തവർ പുറത്ത് രഹസ്യമായി പിന്തുണയ്ക്കുന്നു ; തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തിരുവനന്തപുരം : കച്ചത്തീവ് ദ്വീപ് വിവാദത്തിൽ ഡി എം കെയ്ക്ക് ഇരട്ട നിലപാടാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. പാർലമെൻ്റിനകത്തും പുറത്തും ഡി എം കെ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുകയും പിന്തുടരുകയും ചെയ്യുന്നത്. പാർലമെൻ്റിനകത്ത് എതിർത്ത ഡി എം കെ പുറത്ത് രഹസ്യമായി പിന്തുണക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ വിശദീകരിക്കാനാകില്ലെന്നും എസ്. ജയശങ്കർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തു വർഷം മോദി സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ലോക സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയെ അഞ്ചാം സ്ഥാനത്ത് എത്തിക്കാൻ മോദിസർക്കാരിന് കഴിഞ്ഞു. കൊവിഡ് പ്രശ്നത്തിനും യുക്രെയ്ൻ യുദ്ധത്തിലും ഇന്ധന വിലവർദ്ധനവിലും മിഡിൽ ഈസ്റ്റ് പ്രശ്നങ്ങളിലും ഇന്ത്യയെ ധീരമായി മുന്നോട്ടു നയിക്കാൻ മോദി സർക്കാരിന് സാധിച്ചുവെന്നും എസ്. ജയശങ്കർ വ്യക്തമാക്കി. അതേസമയം, അടുത്ത 25 വർഷം മുന്നിൽ കണ്ടാണ് ബിജെപിയും നരേന്ദ്ര മോദിയും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. ഇന്ദിരഗാന്ധിക്ക് ശേഷം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും അവരുമായി ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 30 വർഷത്തെ ഇടവേളയെ തുടർന്ന് ഉണ്ടായ വിടവ് നികത്താനും സാധിച്ചുവെന്നും എസ്. ജയശങ്കർ കൂട്ടിച്ചേർത്തു.

അതേസമയം, യുഎഇ , സൗദി, ഖത്തർ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ന് ഇന്ത്യക്ക് നല്ല ബന്ധമാണ് ഉള്ളത്. ഇന്ന് ഇന്ത്യാക്കാർ ഏറെ ആത്മവിശ്വാസമുള്ളവരായി മാറിയിരിക്കുന്നു. കാരണം, ലോകത്ത് എവിടെയും ഇന്ത്യൻ പൗരൻ്റെ സുരക്ഷിതത്വം മോദിസർക്കാർ ഉറപ്പ് നൽകുകയാണ്. ഇതാണ് മോദിയുടെ ഗ്യാരൻ്റി. യെമനിൽ നിന്നും ലിബിയയിൽ നിന്നും തിരികെ വന്ന നഴ്സുമാർക്കായാലും യുക്രെയ്ൻ യുദ്ധത്തിനിടെ തിരികെ വന്ന വിദ്യാർത്ഥികൾക്കായാലും യെമനിൽ നിന്ന് തിരികെ വന്ന ഫാദർ ടോം ഉഴുന്നാലിൽ ഇവരെയെല്ലാം സുരക്ഷിതമായി തിരികെയെത്തിക്കാൻ മോദിസർക്കാരിനെ കൊണ്ട് കഴിഞ്ഞുവെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.

Related Articles

Latest Articles