Monday, December 22, 2025

അരുതേ പേര് പരസ്യമാക്കരുതേ…
ലോട്ടറി വകുപ്പിനോട് അപേക്ഷിച്ച് പൂജാ ബമ്പർ ഭാഗ്യശാലി

തിരുവനന്തപുരം : പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ജേതാവിന്റെ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അപേക്ഷിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റാണ് ഒന്നാം സമ്മാനത്തിനർഹമായത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾ പുറത്തുവിടില്ല.

ടിക്കറ്റ് ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. 2022 നവംബർ 20നായിരുന്നു പൂജാ ബംപർ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബമ്പറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ലോട്ടറി അടിച്ച വിവരം എല്ലാവരെയും അറിയിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും ചെയ്തതോടെ ഓണം ബമ്പർ ജേതാവിന്റെ വീട്ടിലേക്ക് പണം ആവശ്യപ്പെട്ട് നിരവധി പേർ വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. ഒടുവിൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാത്തതിനെ തുടർന്ന് താമസം താൽക്കാലികമായി മാറേണ്ടിവന്നു.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 10 കോടി രൂപയുടെ ക്രിസ്മസ് – പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിനെ ഇത് വരെയും കണ്ടെത്താനായിട്ടില്ല.

Related Articles

Latest Articles