Saturday, May 4, 2024
spot_img

മന്ത്രിമാർക്ക് വിദേശ രാജ്യങ്ങളിൽ പഠനയാത്ര;സെക്രട്ടേറിയറ്റിൽ മാത്രം ഇനിയും തീർപ്പാക്കാനുള്ളത് 93,014 ഫയലുകൾ

തിരുവനന്തപുരം : കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള സർക്കാർ പല പദ്ധതികൾ പരാജയമാകുന്നു. മന്ത്രിമാർ വിദേശ രാജ്യങ്ങളിലേക്ക് പഠനയാത്ര പോകാൻ മത്സരിക്കുമ്പോൾ സെക്രട്ടേറിയറ്റിൽ മാത്രം ഇനിയും തീർപ്പാക്കാനുള്ളത് 93,014 ഫയലുകളാണ്. 2022 ഏപ്രില്‍ മുതൽ ഡിസംബർ 15 വരെയുള്ള കണക്കാണിത്. ഈ സമയത്ത് , ആകെയുണ്ടായിരുന്ന 1,75,415 ഫയലുകളിൽ 82,401 എണ്ണമാണ് തീർപ്പാക്കിയത്. അതായത് 46.97%. സെക്രട്ടേറിയറ്റിനു പുറത്ത് 47 വകുപ്പുകളിൽ ഈ കാലയളവിൽ ഉണ്ടായിരുന്നത് 15 ലക്ഷം ഫയലാണ്. അതിൽ തീർപ്പാക്കിയത് 6,90,000 എണ്ണം (55%). തദ്ദേശ വകുപ്പാണ് ഫയൽ തീർപ്പാക്കാനുള്ളതിൽ‌ മുന്നിൽ – 2,36,000 ഫയൽ.

സെക്രട്ടേറിയറ്റിലും ഫയൽ കെട്ടിക്കിടക്കുന്നതിൽ മുന്നില്‍ തദ്ദേശ വകുപ്പാണ്–15,090 ഫയല്‍. രണ്ടാം സ്ഥാനത്ത് റവന്യൂ –10,012 ഫയൽ. മൂന്നാം സ്ഥാനത്ത് ആരോഗ്യം – 8,494 ഫയൽ. പിന്നാലെ ആഭ്യന്തരം (6,866 ഫയൽ), പൊതുവിദ്യാഭ്യാസം (5,400 ഫയൽ), ജലവിഭവം (5,036 ഫയൽ) എന്നീ വകുപ്പുകളുമുണ്ട്. മൂന്നു വർഷം വരെ പഴക്കമുള്ള ഫയലുകൾ ഇനിയും തീർപ്പാക്കാനുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ലാണ് ‘ഓരോ ഫയലിലും ഓരോ ജീവിതമാണെന്നും അതു സർക്കാർ ജീവനക്കാർ ഓർക്കണമെന്നും’ പറഞ്ഞ് മൂന്നു മാസം നീളുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചത്. അന്ന് കെട്ടിക്കിടന്ന 1.98 ലക്ഷം ഫയലുകളിൽ 68,000 എണ്ണം തീർപ്പാക്കി.

പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ ഫയൽ തീർപ്പാക്കുന്നതിലെ ശുഷ്‌കാന്തി കുറഞ്ഞു. തീർപ്പാക്കാത്ത ഫയലുകളുടെ എണ്ണം വൻ‌തോതിൽ വീണ്ടും വർധിച്ചു. 2022 ജൂൺ 15 മുതൽ മൂന്നു മാസത്തേക്ക് വീണ്ടും ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തി. സെപ്റ്റംബർ 30 നകം പൂർത്തിയാക്കാനായിരുന്നു നിർദേശം. വകുപ്പു മന്ത്രിമാർക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരുന്നു ചുമതല. ചീഫ് സെക്രട്ടറിക്കായിരുന്നു മേൽനോട്ടം. എന്നിട്ടും കാര്യങ്ങൾ പഴയപടി തന്നെ.

Related Articles

Latest Articles