Friday, January 9, 2026

നിങ്ങൾക്ക് ഭക്ഷണം കഴിച്ച ഉടന്‍ ഉറക്കം വരാറുണ്ടോ ? കാരണം ഇതാണ്,അറിയേണ്ടതെല്ലാം

ഭക്ഷണം കഴിച്ച ശേഷം ഉറക്കം വരുക എന്നത് പലർക്കും കാണപ്പെടാറുണ്ട്.എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് 2000 മുതല്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്.ഭക്ഷണം കഴിച്ച ശേഷം ഉറക്കം വരുന്നതിനെയോ ക്ഷീണം തോന്നുന്നതിനെയോ ആണ് ഫുഡ് കോമ എന്ന് പറയുന്നത് .ഉച്ചഭക്ഷണത്തിന് ശേഷം പലര്‍ക്കും ഫുഡ് കോമ അനുഭവപ്പെടാറുണ്ട്. ഉറക്കമില്ലായ്മ, അലസത, ശാരീരിക ക്ഷീണം, താഴ്ന്ന ഊര്‍ജ്ജ നില, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. ഇതിനെ ഭക്ഷണത്തിനു ശേഷമുള്ള മയക്കം എന്നും പറയാറുണ്ട്.

ഫുഡ് കോമയെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ലെങ്കിലും ചില കാരണങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. രക്തചംക്രമണത്തിലെ മാറ്റങ്ങള്‍ അതിലൊന്നാണ്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മുടെ തലച്ചോറിലെ രക്തയോട്ടം കുറയുന്നതായി ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രഭാതഭക്ഷണം കഴിക്കാത്തവരിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. അമിത ഭക്ഷണമാണ് മറ്റൊരു കാരണം. അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷവും ആളുകളില്‍ ഫുഡ് കോമ അനുഭവപ്പെടാറുണ്ട്. അമിതമായി ഭക്ഷണം കഴിച്ചാല്‍ ഓക്കാനം അനുഭവപ്പെടാം.പിസ കഴിക്കുന്ന പുരുഷന്മാരില്‍ നടത്തിയ ഗവേഷണത്തില്‍, കൂടുതല്‍ ഭക്ഷണം കഴിച്ചവരില്‍, 4 മണിക്കൂറോളം ഊര്‍ജ കുറവ്, ശാരീരിക ക്ഷീണം, ഉറക്കം, ആലസ്യം എന്നിവ കാണപ്പെടുന്നതായി കണ്ടെത്തി. ഇത് കൂടാതെ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് , പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം, ഉറക്ക ഹോര്‍മോണുകളിലെ വ്യത്യാസം എന്നിവയും ഫുഡ് കോമയ്ക്ക് കാരണമായേക്കാം

ഹെല്‍ത്ത് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഫുഡ് കോമ എത്രനേരം നീണ്ടുനില്‍ക്കുമെന്ന് ഒരു ഗവേഷണവും പ്രത്യേകം പരിശോധിച്ചിട്ടില്ല. എന്നിരുന്നാലും, അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷമുളള ഈ ഫുഡ് കോമ 4 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും എന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകളോളം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം.
ഫുഡ് കോമയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍, ഭക്ഷണം കഴിച്ചതിനുശേഷം അല്‍പ്പം ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണെന്നാണ് വിലയിരുത്തുന്നത്. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ ഈ ക്ഷീണം അപകടകരമാകും. പ്രത്യേകിച്ച് ജോലി ചെയ്യുമ്പോഴോ പഠിക്കുമ്പോഴോ അത് അസൗകര്യമുണ്ടാക്കും.

Related Articles

Latest Articles