Sunday, June 2, 2024
spot_img

ലോകത്തിലെ ഏറ്റവും വിഷമുള്ള മണൽ ചിലന്തികളെ അറിയാമോ ?

ലോകത്തിൽ അധികമാരും ഇഷ്ടപ്പെടാത്ത ജീവികളുടെ പട്ടിക എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ തീർച്ചയായും ഉണ്ടാകുന്ന ഒരു ജീവിയാണ് ചിലന്തികൾ. അവയുടെ രൂപവും കടിയേറ്റാൽ ഉണ്ടാകുന്ന അപകടങ്ങളും ഒക്കെ ഈ ഇഷ്ടക്കേടിന് കാരണങ്ങളാണ്. അതേസമയം അവയുടെ ചില പെരുമാറ്റങ്ങൾ വളരെ കൗതുകം ജനിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ഇര പിടിക്കാനുള്ള തന്ത്രങ്ങൾ. വീടിന്‍റെ ചുമരുകളിലും മരച്ചില്ലകളിലും ഒക്കെ വല കെട്ടി ഇരപിടിക്കുന്ന ചിലന്തികളെ നാം ധാരാളമായി കണ്ടിട്ടുണ്ടാവും. എന്നാൽ ഈ രീതിയിൽ അല്ലാതെ മണ്ണിനടിയിൽ സ്വയം മറഞ്ഞിരുന്ന് ഇരപിടിക്കുന്ന ഒരു വിഭാഗം ചിലന്തികളുണ്ട്. സാൻഡ് സ്പൈഡർ, ക്രാബ് സ്പൈഡർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ചിലന്തി വിഭാഗം ലോകത്തിലെ ഏറ്റവും കൂടുതൽ വിഷമുള്ള ചിലന്തിയാണ്. സിക്കറിയസ് ഹാനി എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. ഈ ചിലന്തിയുടെ വേട്ടയാടൽ രീതിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

എക്സ് പ്ലാറ്റ്ഫോമിൽ ജെന്നടെന്ന എന്ന ഉപയോക്താവ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മണ്ണിനുള്ളിൽ സ്വയം കുഴിച്ചുമൂടാനുള്ള ഈ ചിലന്തിയുടെ കഴിവ് എടുത്തു പറയേണ്ടതാണ്. കാലുകൾ കൊണ്ട് വളരെ വേഗത്തിൽ മണ്ണ് നീക്കി, തന്‍റെ ശരീരം ഇറക്കി വെക്കാൻ പാകത്തിന് ഒരു ചെറിയ കുഴി ഉണ്ടാക്കുന്നു. തുടർന്ന് ആ കുഴിക്കുള്ളിൽ ഇറങ്ങിക്കിടക്കുകയും പിന്നാലെ തന്‍റെ കാലുകള്‍ ഉപയോഗിച്ച് ചുറ്റുമുള്ള മണ്ണ് ശരീരത്തിലേക്ക് തട്ടിയിടുന്നു. ഇങ്ങനെ ശരീരം മുഴുവനായും മണ്ണിനടിയിൽ മൂടുന്നു. ശരീരം പൂര്‍ണ്ണമായും മറയത്തക്ക വിധത്തിൽ മണലിനടിയിൽ ആയാൽ പിന്നെ ഇരയ്ക്കായുള്ള കാത്തിരിപ്പാണ്, ഇങ്ങനെ ഇരകൾക്കായി എത്രനേരം വേണമെങ്കിലും കാത്തിരിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് ഈ ചിലന്തികൾ.

മറ്റ് ചിലന്തികളിൽ നിന്നും വ്യത്യസ്തമായി സാൻഡ് സ്പൈഡർസിന് ഒന്നും രണ്ടുല്ല, ആറ് കണ്ണുകൾ ഉണ്ട്. ഈ പ്രത്യേക കൊണ്ട് തന്നെ ഇവയുടെ രൂപം അല്പം ഭയപ്പെടുത്തുന്നതാണ്. ഇരകളെ പിടികൂടുന്നതിനും വേട്ടയാടുന്നതിനുമായി ഇവ മറ്റ് ചിലന്തികളെ പോലെ വല നെയ്യുന്നില്ല. ഇരപിടിക്കുന്നതിലെ ഈ പ്രത്യേകതയാണ് മറ്റ് ചിലന്തികളില്‍ നിന്നും ഇവയെ പ്രധാനമായും വ്യത്യാസപ്പെടുത്തുന്നത്. ഇങ്ങനെ മണലിന് അടിയിലുള്ള നീണ്ട കാത്തിരിപ്പിനിടെ തന്‍റെ ഇരകളായിട്ടുള്ള ഏതെങ്കിലും ജീവികള്‍ സമീപത്ത് കൂടി നടന്ന് പോകുമ്പോള്‍ ഇവ മിന്നല്‍ വേഗത്തില്‍ മണലില്‍ നിന്ന് പുറത്ത് വരികയും ഇരകളെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ചെയ്യുന്നു. സാൻഡ് സ്പൈഡറിന്‍റെ ശരീരത്തിലുള്ള ഡെർമോനെക്രോറ്റിക് വിഷം മാരകമാണ്. ഇവയുടെ കടിയേറ്റ് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ മനുഷ്യജീവന് പോലും ആപത്താണ്. പരമാവധി 0.6 ഇഞ്ച് ആണ് ഇവയുടെ ശരീരത്തിന്‍റെ വലിപ്പം, കാലുകൾക്ക് ഏകദേശം 2 ഇഞ്ച് വീതിയുണ്ട്. നമീബിയയും ദക്ഷിണാഫ്രിക്കയുമാണ് ഈ ചിലന്തികളുടെ പ്രധാന ആവാസ കേന്ദ്രം.

Related Articles

Latest Articles