Saturday, September 19, 2026

ഡോക്ടർ വന്ദന നമ്മുടെ മകൾ !ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം! സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി; സംഭവത്തിൽ പൊലീസ് മേധാവി നാളെ അടിയന്തിരമായി വിശദീകരണം നൽകണം

കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് ഇപ്പോൾ അരങ്ങേറിയതെന്ന് കോടതി പറഞ്ഞു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്ന് പറഞ്ഞ കോടതി പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നും ചോദിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ്ങില്‍ വിഷയം പരിഗണിക്കവേയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. ഡോക്ടർ വന്ദന നമ്മുടെ മകളെന്നും കോടതി പറഞ്ഞു

എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ലെന്നും ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങൾ ഉള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഡോക്റുടെ അടുത്ത് പ്രതിയെ തനിയെ നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. സംഭവത്തിൽ പൊലീസ് മേധാവി നാളെ ഓൺലൈനായി ഹാജരായി അടിയന്തിരമായി വിശദീകരണം നൽകണം. കോടതി വിഷയം നാളെ രാവിലെ 10.15ന് വീണ്ടും പരിഗണിക്കും.

ഇന്നു പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു

Related Articles

Latest Articles