Tuesday, June 18, 2024
spot_img

മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കി ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഇതിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂചന സമരത്തിനും, റിലേ സത്യാഗ്രഹത്തിനും പിന്നാലെയാണ് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം.

അതേസമയം കൊവിഡ് ചികിത്സ, കാഷ്വാലിറ്റി, ഐ.സി.യു എന്നീ വിഭാഗങ്ങളെ ബാധിക്കാതെയായിരിക്കും പ്രതിഷേധം നടത്തുക. എന്നാല്‍ സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് എല്ലാ മെഡിക്കൽ കോളജിലെയും കൊവിഡ് നോഡൽ ഓഫീസർമാർ കൂട്ടമായി സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്നു മുതൽ ഓൺലൈൻ ക്ലാസ്സുകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം. ഇതോടെ ആരോഗ്യ വകുപ്പ് സമ്മർദത്തിലായിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തിൽ സമരം തുടർന്നാൽ പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കും. അതിനാൽ തന്നെ പ്രതിഷേധക്കാരുമായി വീണ്ടും ചർച്ചയുണ്ടായേക്കുെമെന്നും സൂചനകളുണ്ട്.

Related Articles

Latest Articles