ടെക്സാസ്: സെപ്റ്റംബർ 22 ന് ടെക്സസിലെ ഹ്യൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന, അമേരിക്കയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന മെഗാ പരിപാടി ഹൗഡി മോദി യിൽ യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മോദിയുമായി വേദി പങ്കിടാൻ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ജമ്മു കശ്മീരിൽ 40 ദിവസത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങളെക്കുറിച്ച് നിരവധി യു എസ് നിയമജ്ഞർ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടെക്സാസ് പരിപാടിയിലെ ട്രംപിന്‍റെ സാന്നിധ്യം പ്രധാനമന്ത്രി മോദിക്ക് അമേരിക്ക നൽകുന്ന പിന്തുണയുടെ ശക്തമായ സൂചനയായിരിക്കും.
അടുത്ത വർഷം നടക്കാനിരിക്കുന്ന യു എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിന്‍റെ വോട്ടർമാരായ, 50,000-ത്തിലധികം ഇന്ത്യൻ അമേരിക്കക്കാരുടെ പങ്കാളിത്തം “ഹൗഡി മോദി” പരിപാടിയിൽ ഉണ്ടായിരിക്കും. പ്രധാനമന്ത്രി മോദിയുടെ യു.എസ് സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്, ഇത് വാഷിംഗ്ടൺ ഡി സിയിലോ ന്യൂയോർക്ക് നഗരത്തിലോ വച്ചായിരിക്കും നടക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 28 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസിൽ ഉണ്ടാകും. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെ മുൻനിര സി ഇ ഒമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു.

