Wednesday, September 23, 2026

വരാനിരിക്കുന്നത് ദേശീയവാദികളുടെ കാലമാണെന്നും രാജ്യതാല്‍പ്പര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പൊതുസഭയില്‍

ന്യൂയോര്‍ക്ക്: ആഗോള താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ ആദ്യം ദേശീയവാദികളായി മാറണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഭാവികാലം ദേശീയവാദികളുടേതാണ്. ചൈനയേയും ഇറാനേയും നിശിതമായി വിമര്‍ശിച്ചായിരുന്നു ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ അദ്ദേഹത്തെിന്‍റെ പ്രസംഗം. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും ട്രംപ് പറഞ്ഞു.

ദേശീയതയില്‍ ഊന്നിയും ശത്രുക്കളോട് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കിയുമായിരുന്നു ഐക്യരാഷ്ട്രസഭ പൊതുസഭയെ ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്തത്. ചൈനയേയും ഇറാനേയും വിമര്‍ശിക്കാനാണ് പ്രസംഗത്തിന്റെ ഏറിയ പങ്കും വിനിയോഗിച്ചത്. ഭാവികാലം ആഗോളവാദികളുടേതല്ല ദേശീയവാദികളുടേതാണെന്ന് ട്രംപ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ചൈനയുടെ ഹോങ്കോംഗ് നയത്തെ വിമര്‍ശിച്ചു. ഹോങ്കോംഗ് പ്രക്ഷോഭം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ ചൈന തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം സജീവമാക്കാന്‍ നിരവധി നികുതിയിളവുകള്‍ അമേരിക്ക നല്‍കുന്നുണ്ട്. പക്ഷേ ലോകവ്യാപാരത്തെ ചൈന ചൂഷണം ചെയ്യുകയാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയ്ക്ക് പേറ്റന്റുള്ള പല ഉത്പന്നങ്ങളും ചൈന നിര്‍മ്മിക്കുന്നുണ്ട്. മുന്‍കാല പ്രസിഡന്റുമാരൊക്കെ അത് അവഗണിക്കുകയോ സഹിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു. പക്ഷേ ആ കാലം കഴിഞ്ഞെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയ്ക്ക് സ്ഥിരമായ ശത്രുക്കളില്ല. പക്ഷേ രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുകയുമില്ല. ഇറാന്‍ മതഭ്രാന്ത രാഷ്ട്രമാണ്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാനുള്ള എല്ലാ സാധ്യതകളേയും അവരുടെ കൈവശമുള്ള ആണവായുധങ്ങള്‍ ഇല്ലാതാക്കുകയാണെന്നും മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്കെത്തുന്ന അഭയാര്‍ത്ഥികളോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു.

കൊള്ളക്കാരേയും ചെന്നായ്ക്കളേയും പ്രോത്സാഹിപ്പിക്കില്ല, എല്ലാ രാജ്യങ്ങള്‍ക്കുമുള്ളതുപോലെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ അമേരിക്കയ്ക്കും അവകാശം ഉണ്ട്. യുദ്ധം ആര്‍ക്കുമുണ്ടാക്കാം, സമാധനമുണ്ടാക്കാന്‍ ശക്തര്‍ക്കേ കഴിയൂ എന്നും അമേരിക്ക സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നത് പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ ‘ആദ്യം അമേരിക്ക’ എന്ന തന്റെ തെരഞ്ഞെടുപ്പ് നയത്തിലൂന്നി കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നു പ്രസിഡന്റ് ട്രംപിന്റെ പൊതുസഭയിലെ പ്രസംഗം.

Related Articles

Latest Articles